SignIn
Kerala Kaumudi Online
Friday, 15 May 2026 11.17 PM IST

വാഴ്ത്തപ്പെടേണ്ട പൊതുഗതാഗത സംസ്കാരം

a

ൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ്, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എന്നിവർ കഴിഞ്ഞദിവസം ഓഫീസുകളിൽ എത്തിയത് മെട്രോ ട്രെയിനിലും ഇ-ഓട്ടോയിലും മറ്റുമാണ്. മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ദ്വാരക ധിഷ് ബൻസൽ വീട്ടിൽ നിന്ന് കോടതിയിലെത്തിയത് സൈക്കിളിലാണ്. ഇവരെല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊള്ളുകയായിരുന്നു. എന്നും ഇവർ ഇതേ രീതിയിൽ യാത്ര ചെയ്യുമോ എന്ന ചോദ്യമുയർത്തുന്നതിൽ അർത്ഥമില്ല. ഇതെല്ലാം ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള അവബോധത്തിന്റെ ഭാഗമാണ്. പൊതുഗതാഗതവും പരിസ്ഥിതി സൗഹൃദ യാത്രകളും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവൃത്തികൾക്കൊപ്പം പ്രചാരണങ്ങളും ഫലം ചെയ്യും. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് പല പദ്ധതികളും ആവിഷ്കരിച്ചുകഴിഞ്ഞു. അന്തരീക്ഷ മലിനീകരണം കൊണ്ട് വലയുന്ന ഡൽഹിയിലെ രേഖ ഗുപ്ത സർക്കാരും ഈ വഴിക്ക് ചിന്തിച്ചുതുടങ്ങി. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കേണ്ടത് കേരളത്തിലും അടിയന്തരാവശ്യമാണ്.

ട്രെയിൻ, ബസ്, മെട്രോ എന്നിവയിലെല്ലാം ഏതു സംസ്ഥാനത്തും തിങ്ങിനിറഞ്ഞ് ആളുകളുണ്ട്. കൂടുതൽപ്പേർ വന്നാൽ എവിടെ ഉൾക്കൊള്ളുമെന്ന് സംശയിക്കാം. എന്നാൽ നിരത്തുകളിൽ വാഹനങ്ങൾ ഗണ്യമായി കുറയ്ക്കണമെങ്കിൽ അത്രയും സംവിധാനങ്ങൾ പോര എന്നാണ് ഉത്തരം. പൊതുഗതാഗത രംഗത്ത് സമഗ്ര പരിഷ്കാരവും കൃത്യനിഷ്ഠയും മാർഗനിർദ്ദേശങ്ങളും വേണ്ടിവരും. ഇക്കാര്യത്തിൽ മുമ്പേ നടന്ന ചൈന, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ മാതൃകയാക്കാവുന്നതുമാണ്.

കേരളത്തിലെ വാഹനപ്പെരുക്കം

സംസ്ഥാനത്ത് അറുപതുകളിലും എഴുപതുകളിലും കാർ ഉള്ള വീടുകൾ വിസ്മയമായിരുന്നെങ്കിൽ എൺപതുകളിലും തൊണ്ണൂറുകളിലും അത് ആഢംബരമായിരുന്നു. എന്നാൽ ക്രമേണ കാറുകൾ എല്ലാ വീടുകളിലും സർവസാധാരണമായി. മൂന്നോ നാലോ കാറുകൾ സ്വന്തമായുള്ള വീടുകൾ പോലും അത്ഭുതമല്ലാതായി. റോഡുകൾ തിങ്ങിവിങ്ങി. അപകടങ്ങൾ തുടർക്കഥയായി. അപകട ദൃശ്യങ്ങൾ ഇപ്പോൾ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പുതുമയല്ലാതായി.

2001ൽ കേരളത്തിൽ രജിസ്ട്രേഡ് വാഹനങ്ങളുടെ എണ്ണം 5.63 ലക്ഷം ആയിരുന്നു. കാൽ നൂറ്റാണ്ടിനിപ്പുറം 2026ൽ അത് 1.92 കോടിയായി ഉയർന്നു. 1000 പൗരന്മാർക്ക് 450 വാഹനം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 2025-26ൽ 9.46 ലക്ഷം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 6 ലക്ഷം ഇരുചക്രവാഹനങ്ങളും രണ്ടരലക്ഷം നാലുചക്ര ലൈറ്റ് മോട്ടോർ വാഹനങ്ങളുമുണ്ട്. മുൻ വർഷത്തേക്കാൾ 16.6% വർദ്ധന. ഇന്ധനച്ചെലവിനും കുരുക്കിനും മറ്റ് കാരണങ്ങൾ വേണ്ട. കേരളത്തിൽ റോഡ് വികസനത്തിനുള്ള സ്ഥല ലഭ്യത അതിന്റെ പരമാവധി എത്തിക്കഴിഞ്ഞു. എക്സ്പ്രസ് പാതകൾ പോലുള്ളതിനുള്ള സ്ഥലമെടുപ്പും കുടിയൊഴിപ്പിക്കലും ഇവിടെ പ്രായോഗികമല്ല. ഇപ്പോൾത്തന്നെ റോഡുമാർഗമുള്ള സഞ്ചാരം വലിയ കുരുക്കിനും ഇന്ധന നഷ്ടടത്തിനും കാരണമാകുന്നുണ്ട്. എങ്കിലും മലയാളികളുടെ വണ്ടിപ്രേമം കുറഞ്ഞിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളാണ് നേരം പുലരുമ്പോഴേയ്ക്കും നിരത്തുകളിലേക്ക് ഒഴുകുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടായേ തീരൂ.

മുകളിൽ നിന്നുള്ള മാതൃക

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന തന്റെ ആഹ്വാനം സ്വയം നടപ്പിലാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ വ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇനി മുതൽ എസ്‌.പി.ജി പ്രോട്ടോക്കോൾ പ്രകാരം സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ വാഹനങ്ങൾ മാത്രമാകും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവുക. ഇതിൽ ഇലക്ട്രിക് വണ്ടികൾ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിലും അസമിലെ റാലിയിലും വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചാണ് പ്രധാനമന്ത്രി എത്തിയത്. ഇത് എല്ലാ നേതാക്കളും മാതൃകയാക്കേണ്ടതാണ്. കാരണം ആഗോള സാഹചര്യങ്ങൾ അത്തരത്തിലാണ്. ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് അയവു വന്നാലും കാര്യങ്ങൾ നേരെയാകാൻ കാലങ്ങളെടുക്കും. പെട്രോൾ, ഡീസൽ വില അടുത്ത ദിവസങ്ങളിൽ തന്നെ കുത്തനേ ഉയർത്തുമെന്ന സൂചനകളും വന്നുകഴിഞ്ഞു. അതിനാൽ പൊതുഗതാഗത സംസ്കാരം തിരിച്ചുകൊണ്ടുവരുന്നതാണ് ഉത്തമം. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ സ്വന്തം വാഹനങ്ങളെ ആശ്രയിക്കൂ എന്ന് ശപഥം ചെയ്യണം. പോക്കറ്റ് കാലിയാകാതിരിക്കാനും അതാണ് നല്ലതെന്ന് തിരിച്ചറിയണം. ഗതാഗത സംവിധാനങ്ങളും കാലത്തിനൊത്ത് മാറണം. നടത്തിപ്പുകാർ സമയക്രമവും സൗഹാ‌‌‌‌ർദ്ദ മനോഭാവവും പുലർത്തണം. നിസാര അസൗകര്യങ്ങൾ മറന്ന് ജനങ്ങളും അതിനോട് സഹകരിക്കണം. എങ്കിൽ പാഴ് ചെലവുകൾ ഒഴിവാക്കി നാടിന്റെ നന്മയും ഉറപ്പുവരുത്താനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY