
തിരുവനന്തപുരം: രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിയായി വി.ഡി സതീശനെന്ന പ്രഖ്യാപനം എത്തിയതോടെ കെ.പി.സി.സി ഓഫീസായ ഇന്ദിരാ ഭവൻ ആഹ്ലാദതിമിർപ്പിൽ. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കെ.പി.സി.സിയിലെത്തിയ നിയുക്ത മുഖ്യമന്ത്രിയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും ആഹ്ലാദമറിയിച്ചു. പ്രസിഡന്റ് സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷും പി.സി വിഷ്ണു നാഥും ഷാളണിയിച്ച് സ്വീകരിച്ചു.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗം രാവിലെ 11ന് നടത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രവർത്തകർ രാവിലെ ഇന്ദിരാഭവനിലേക്ക് ഒഴുകിയെത്തി. തുടർന്ന് യോഗം ഉച്ചയ്ക്ക് ഒന്നിനും പിന്നീട് വൈകിട്ട് നാലിലേക്കും മാറ്റിയതോടെ പ്രവർത്തകരുടെ മുഖം മങ്ങി. ഇതിനിടെ ഉച്ചയ്ക്ക് 12ഓടെ മുഖ്യമന്ത്രിയായി സതീശനെ വാർത്ത എത്തിയതോടെ മങ്ങിയ മുഖങ്ങൾ തൗസന്റ് വാട്ട്സിലേക്ക് പൊട്ടിവിടർന്നു. പിന്നെ കെ.പി.സി.സി ഓഫീസ് മാത്രമല്ല വെള്ളയമ്പലം ജംഗ്ഷൻ വരെ കോൺഗ്രസുകാരെ കൊണ്ട് നിറഞ്ഞു. വാഹനങ്ങളും ആളുകളും നിറഞ്ഞതോടെ നിയന്ത്രിക്കാൻ പൊലീസിറങ്ങി. വെള്ളയമ്പലം കവടിയാർ ജംഗ്ഷനിൽ ബാരിക്കേഡ് വച്ച് അടച്ച് ഗതാഗതം വൺവേയാക്കി. പ്രവർത്തകർ ഓഫീസ് മുന്നിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നൃത്തം ചെയ്തുമെല്ലാം അർമ്മാദിച്ചു. പലരും സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നും പോരാട്ടം നയിച്ചവൻ നാടിനെ നയിക്കുമെന്നും എഴുതിയ പ്ളക്കാഡുകളും പിടിച്ചു.
ഇതിനിടയിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് 12.30 ഓടെ വാർത്താസമ്മേളനം വിളിച്ചു. മുഖ്യമന്ത്രിയായി സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡിന്റെ അറിയിപ്പ് കിട്ടി. സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രവർത്തകർ ആവേശഭരിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |