SignIn
Kerala Kaumudi Online
Friday, 15 May 2026 11.18 PM IST

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളകൗമുദിയോട് 'പറഞ്ഞതെല്ലാം നടപ്പാക്കും ലക്ഷ്യം കേരള വികസനം'

1

പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യത്തിന് ഉത്തരമായി പതിനൊന്നാം ദിവസം വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചു. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ ഇടപെടലുകൾക്ക് ജനവും പാർട്ടിയും നൽകിയ നിയോഗം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.


?​ പ്രതീക്ഷിച്ചിരുന്നോ മുഖ്യമന്ത്രി സ്ഥാനം

പ്രതീക്ഷകൾക്കും ആഗ്രഹത്തിനുമൊന്നും കാര്യമില്ല. ഇതൊരു ദൈവീക നിയോഗമാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിയോഗമാണ് എന്റെ മുഖ്യമന്ത്രി സ്ഥാനം.

?​ ഇത് വി.ഡി. സതീശന്റെ വിജയമാണോ

ഒരിക്കലുമില്ല. ടീം യു.ഡി.എഫിന്റെ വിജയം. ഒറ്റക്കെട്ടായി പാർട്ടി ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്നതിന്റെ വിജയമാണിത്. ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്ന് നിർലോഭമായ സഹകരണമുണ്ടായി. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കൾ അഹോരാത്രം ഓടി നടന്നു. അങ്ങനെയുണ്ടായ വിജയമാണിത്. അതിനപ്പുറത്ത് കേരളം കഴിഞ്ഞ പത്തുവർഷമായി അനുഭവിച്ച ദുരവസ്ഥയ്ക്ക് ജനം നൽകിയ മറുപടി കൂടിയായി.

?​ തീരുമാനം വൈകിയത് അധികാരം തന്ന ജനത്തെ വല്ലാതെ വീർപ്പുമുട്ടിച്ചല്ലോ
അങ്ങനെയൊന്നുമില്ല. ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനു മുമ്പിൽ കുറേ ഫോർമാലിറ്റീസ് ഉണ്ട്. അതെല്ലാം പരിഹരിച്ച് അവരെടുത്ത തീരുമാനം വരാൻ വൈകിയെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ,​ ഒരു വൈകലുമുണ്ടായിട്ടില്ല.

?​ എന്താണ് കേരള വിഷൻ

ജനങ്ങളോട് പ്രകടന പത്രികയിൽ എന്തൊക്കെ പറഞ്ഞുവോ അത് ഓരോന്നായി നടപ്പിലാക്കിയിരിക്കും. എല്ലാവരേയും വിശ്വാസത്തിലെടുത്ത് കേരളത്തിന്റെ വികസന പ്രക്രിയയുമായി മുന്നോട്ടു പോകും. പുതിയ കേരളം പുതുയുഗം എന്നതാണ് മുദ്രാവാക്യം. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയാവണമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

?​ ആരൊക്കെയാവും മന്ത്രിമാർ

അതൊക്കെ നിയമസഭാ കക്ഷിയോഗം ചേർന്ന ശേഷം പാർട്ടി തീരുമാനിക്കും. എല്ലാ ഘടകകക്ഷികൾക്കും അർഹമായ പ്രാതിനിദ്ധ്യം നൽകുന്നതായിരിക്കും മന്ത്രിസഭ.

?​ പ്രതിപക്ഷ നേതാവ് പിണറായിയാണ്,​ വീണ്ടും ഏറ്റുമുട്ടലിന്റെ കാലമാണോ

സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തെപ്പോലൊരു മുതിർന്ന നേതാവ് പ്രതിപക്ഷ നേതാവായി വരുമ്പോൾ നിയമസഭയുടെ ഗൗരവം കൂടിയില്ലേ. പിന്നെ ഏറ്റുമുട്ടലിന്റെ കാര്യം. ഞാനൊരിക്കലും വ്യക്തിപരമായി അദ്ദേഹത്തോട് ഏറ്റുമുട്ടിയിട്ടില്ല. ആശയങ്ങളും വികസനവുമാണ് വിഷയം. അദ്ദേഹം വരുമ്പോൾ എനിക്കുകൂടി അത് ഗുണകരമാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA