SignIn
Kerala Kaumudi Online
Friday, 15 May 2026 11.17 PM IST

കെ.സിയുടെ ഇനിയുള്ള നീക്കങ്ങൾ നിർണായകം

kc

ന്യൂഡൽഹി: മുഖ്യമന്ത്രി കസേരയ‌്ക്കായുള്ള വടംവലിയിൽ അവസാന നിമിഷം പിന്തള്ളപ്പെട്ടതിന്റെ നിരാശയിലാണെങ്കിലും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ പാർട്ടിയിൽ സ്വാധീനം നിലനിർത്താനാകും കെ.സി. വേണുഗോപാൽ ശ്രമിക്കുക. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്‌ക്ക് അന്തിമ അനുമതി നൽകേണ്ടത് ഹൈക്കമാൻഡായതിനാൽ അക്കാര്യത്തിൽ കെ.സിക്ക് നിർണായക റോൾ ഉണ്ടാകും.

ഇക്കാര്യം അറിയാവുന്ന വി.ഡി.സതീശൻ മന്ത്രിമാരെ നിശ്ചയിക്കാൻ വേണുഗോപാൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേരളത്തിലെ സമുന്നത പദവി താലത്തിൽവച്ച് വേണുഗോപാലിന് നൽകാൻ രാഹുൽ ആഗ്രഹിച്ചിരുന്നു.

എ.ഐ.സി.സിയുടെ ഉന്നത പദവിയിൽ നിന്ന് വേണുഗോപാലിനെ മാറ്റാൻ ഉത്തരേന്ത്യൻ നേതാക്കൾ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലായിരുന്നു ആ നീക്കം.

പക്ഷേ, അതിനു വേണുഗോപാൽ കണ്ടെത്തിയ തന്ത്രം

പാളിപ്പോയി. തന്നോട് വിധേയത്വമുള്ള എം.എൽ.എമാരെ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ഫണ്ട് ഇഷ്ടംപോലെ ഡൽഹിയിൽ നിന്ന് എത്തിച്ചുകൊടുത്തു.

എം.എൽ.എമാർ പിന്തുണച്ചാൽ ചോദ്യം ചെയ്യാൻ ആരുമുണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് പിഴച്ചത്. ജനങ്ങൾ എം.എൽ.എമാരെ ചോദ്യം ചെയ്ത് തെരുവിലിറങ്ങുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.

മുന്നിൽ നിന്ന് നയിച്ചയാൾ മുഖ്യമന്ത്രിയാകണമെന്ന ജനവികാരത്തിനു മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയതോടെ മനസില്ലാ മനസോടെ അദ്ദേഹത്തിന് പിൻമാറേണ്ടി വന്നു. ജനങ്ങൾക്കിടയിൽ വേണുഗോപാലിനുണ്ടായിരുന്ന പ്രതിഛായയിലും വിശ്വാസ്യതയിലും വൻ ഇടിവ് സംഭവിച്ചു.

ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെപ്പ് അടുത്തുവരികയാണ്. ഹിമാചൽ പ്രദേശിലെ ഭരണം നഷ്‌ടപ്പെടുകയോ, മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പിൽ നിറംമങ്ങുകയോ ചെയ്‌താൽ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തിനു തന്നെ ഇളക്കം തട്ടിയേക്കാം.

പ്രഖ്യാപനം നടത്താൻ

വിസമ്മതിച്ചു

ബുധനാഴ്‌ച മല്ലികാർജ്ജുന ഖാർഗെയുമായുള്ള ചർച്ചയിൽ വി.ഡി. സതീശന്റെ പേര് രാഹുൽ ഗാന്ധി തീരുമാനിച്ചപ്പോൾ തന്നെ കെ.സി. വേണുഗോപാലിനെ ധരിപ്പിച്ചെന്നാണ് വിവരം. അതോടെ കെ.സി പരിഭവത്തിലുമായി.

ഇന്നലെ ഉച്ചയ്‌ക്ക് തിരുവനന്തപുരത്തെ നിയമസഭാകക്ഷി യോഗത്തിൽ വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഒന്നിച്ചിരുത്തി പ്രഖ്യാപിക്കാനായിരുന്നു ആലോചന. എന്നാൽ അതിനു വഴങ്ങാതെ വീട്ടിൽ തങ്ങി. ഇതോടെ, ദീപാ ദാസ് മുൻഷിയുടെയും നിരീക്ഷകരുടെയും ഡൽഹിയിൽ നിന്നുള്ള യാത്ര നീട്ടി.

വേണുഗോപാലിനെ ഇന്നലെ രാവിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഹുലും പ്രിയങ്കയും ചേർന്ന് ഒന്നര മണിക്കൂറെടുത്താണ് അനുനയിപ്പിച്ചത്. അതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനും നേതാക്കളുടെ തിരുവനന്തപുരം യാത്രയ്‌ക്കും വഴിയൊരുങ്ങി. പ്രഖ്യാപനം ഡൽഹിയിൽ നടത്താനും തീരുമാനിച്ചു.

പിന്നീട് മാദ്ധ്യമങ്ങളെ കണ്ട കെ.സി സന്തോഷത്തോടെ തീരുമാനം അംഗീകരിക്കുന്നതായി പറഞ്ഞു. വി.ഡി. സതീശന് ഭാവുകൾ നേർന്ന അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA