SignIn
Kerala Kaumudi Online
Friday, 15 May 2026 11.18 PM IST

തീരുമാനത്തിന്റെ നാൾവഴി

d

തിരുവനന്തപുരം: ഫലപ്രഖ്യാപനം വന്നാൽ 48 മണിക്കൂറിനുള്ളിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കളുടെ വമ്പുപറച്ചിൽ. എന്നാൽ,മേയ് നാലിന് 102 അംഗങ്ങളുടെ ഭൂരിപക്ഷം നേടി യു.ഡി.എഫ് ഭരണം ഉറപ്പാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മൂന്നുപേർക്കു വേണ്ടിയും പോരാട്ടകഥകളും യോഗ്യതാ മാനദണ്ഡങ്ങളുമൊക്കെ നിരന്നു. ഒരാളെ നിശ്ചയിക്കുക ശ്രമകരമാവുമെന്ന് നേതൃത്വത്തിനും ബോദ്ധ്യമായി. അങ്ങനെ നിയമസഭാ കക്ഷി യോഗം വിളിക്കാനും നിയുക്ത സാമാജികരുടെ അഭിപ്രായം ആരായാനും തീരുമാനമായത്.

 മേയ് 7:- കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ നിയുക്ത എം.എൽ.എമാരുടെ യോഗം ഇന്ദിരാഭവനിൽ. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്,അജയ് മാക്കൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ എം.എൽ.എ മാരുമായുള്ള കൂടിക്കാഴ്ച.

 മേയ് 8:- എം.എൽ.എമാരുടെ അഭിപ്രായം രേഖപ്പെടുത്തി മുകുൾ വാസ്നിക്ക് കൈവശം സൂക്ഷിച്ച ഷീറ്റിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ. പല എം.എൽ.എമാരുടെയും പിന്തുണ ആർക്കെന്നത് പരസ്യമായി.

 മേയ് 9:- വി.ഡി സതീശൻ,രമേശ് ചെന്നിത്തല,കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എന്നിവരുമായി ഡൽഹിയിൽ എ.ഐ.സി.സി നേതൃത്വത്തിന്റെ ചർച്ച. സമവായത്തിലെത്താതെ പിരിഞ്ഞു. പരസ്യ പ്രതികരണങ്ങളും പ്രതഷേധ പ്രകടനങ്ങളും നേതൃത്വം വിലക്കി.

 മേയ് 10:- എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമായില്ല.

 മേയ് 12:- മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുമായും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരുമായും ഖർഗെയും രാഹുൽഗാന്ധിയും ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ചർച്ച . തീരുമാനമില്ല.

 മേയ് 13:- തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പായി. വൈകിട്ട് 5.45 ഓടെ രാഹുൽഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് രാഹുൽ മടങ്ങി. പിന്നാലെ പാർട്ടി വ്യക്താവ് ജയറാം രമേശ് എത്തി ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാവുമെന്ന ജയറാം രമേശ് അറിയിക്കുന്നു.

 മേയ് 14:- എ.ഐ.സി.സി നിരീക്ഷകർ കേരളത്തിലേക്ക് എത്തുമെന്ന് ആദ്യം കേട്ടെങ്കിലും 12ന് ഡൽഹിയിൽ പ്രഖ്യാപനമെന്ന അറിയിപ്പ്. വി.ഡി. സതീശൻ സകുടുംബം നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക്. വാർത്താസമ്മേളനം തുടങ്ങും മുമ്പേ പല ഭാഗങ്ങളിലും ആഹ്ളാദ പ്രകടനം. പ്രഖ്യാപിച്ചതോടെ കന്റോൺമെന്റ് ഹൗസിലേക്ക് നേതാക്കളുടെ ഒഴുക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA