SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

പുല്ലംവനം കൈവിട്ടിട്ടില്ല പുനംകൃഷിയെ

punam

ആലക്കോട്:കണ്ണൂർ കാസർകോട് ജില്ലകളിലെ കിഴക്കൻ മലയോരത്ത് ഒരുകാലത്ത് സാർവത്രികമായിരുന്ന പുനംകൃഷിയെ ഇന്നും കൊണ്ടുനടക്കുകയാണ് കണ്ണൂർ നടുവിൽ ഗ്രാമപഞ്ചായത്തിലെ പുല്ലംവനത്തെ ആദിവാസി കർഷക കൂട്ടായ്മ. കുടിയേറ്റകാലത്തിന് മുമ്പ് മലയോരമേഖലയിലെ ഏറ്റവും പ്രചാരത്തിലുണ്ടായ നെൽകൃഷിയാണ് ഇവ‌ർ ഇന്നും തുടരുന്നത്.

നടുവിൽ പഞ്ചായത്തിലെ പുല്ലംവനം , താറ്റ്വാട്, മണ്ഡലം,മാമ്പള്ളം, ചേറ്റടി എന്നീ പ്രദേശങ്ങളിലാണ് ആദിവാസിഗോത്ര വിഭാഗത്തിൽപ്പെട്ട കർഷകർ പരമ്പരാഗതമായി കൈമാറിക്കിട്ടിയ കൃഷിരീതി തുടരുന്നത്.

കാട് വെട്ടി തെളിച്ച് തീയിട്ട് മണ്ണൊരുക്കിയാണ് പുനംകൃഷി ചെയ്തിരുന്നത്. തുടർച്ചയായി കൃഷി ചെയ്യാതെ ഒരിടത്ത് ഒറ്റത്തവണ മാത്രം കൃഷിയിറക്കുന്നുവെന്നതാണ് പുനം കൃഷിയുടെ പ്രധാന പ്രത്യേകത .

മേടമാസത്തിലാണ് പുനം കൃഷി ചെയ്യുന്നതിനുള്ള നിലമൊരുക്കുന്നത്.കന്നിമാസത്തോടുകൂടി വിളവെടുപ്പ് പൂർത്തിയാകും. വിളവെടുപ്പ് കഴിഞ്ഞാൽ തുലാം പത്തിന് കുല ദൈവങ്ങൾക്കുള്ള പുത്തരി അടിയന്തരത്തിന് ശേഷം മാത്രമേ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുകയുള്ളു.മറ്റു കൃഷികൾ ചെയ്യാത്ത മൂത്ത മണ്ണിലാണ് പണ്ടുകാലം മുതൽ കൃഷി ചെയ്തിരുന്നത് .ഇപ്പോൾ അത്തരം ഭൂമി ലഭ്യമല്ലാത്തതിനാൽ റബർ മരങ്ങൾ മുറിച്ചൊഴിഞ്ഞ സ്ഥലം പാട്ടത്തിന് എടുത്താണ് പുനം കൃഷി ചെയ്തുവരുന്നത്. കർഷക സ്ത്രീകളാണ് പ്രധാനമായും ഈ രംഗത്തുള്ളത്.

മാമ്പള്ളത്തെ തമ്പായി,ചിറ്റടിയിലെ ചിരുത, പുല്ലമ്പനത്തെ സുശീല എന്നിവരാണ് ഇപ്പോൾ പ്രധാനമായും പുനം കൃഷി രംഗത്തുള്ളത്. സാമ്പത്തികമായി ലാഭകരം അല്ലെങ്കിലും പരമ്പരാഗത കാർഷിക രീതിയും സംസ്‌കാരവും നെൽവിത്ത് ഇനങ്ങളും സംരക്ഷിക്കുകയെന്നതാണ് ഇവരുടെ ദൗത്യം.

കൃഷിഭവനിൽ നിന്നും കരനെൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയതോതിൽ സാമ്പത്തിക സഹായം ലഭിക്കാറുണ്ട്. ഹെക്ടറിന് പരമാവധി 13600 രൂപ ലഭിക്കും.ഒന്നിനും തികയില്ലെങ്കിലും തങ്ങളുടെ അപ്പനപ്പൂപ്പൻമാർ പകർന്നു നൽകിയ കാർഷിക സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയെന്നതിനാലാണ് തങ്ങൾ ഈ പാരമ്പര്യത്തെ കൊണ്ടുനടക്കുന്നതെന്ന് പുല്ലം വനത്തെ പുനംകർഷകരായ സുശീലയും ,കാർത്യായനിയും രഘുവും ഗിരീശനും പറയുന്നു.

പുനംകൃഷിയ്ക്കുണ്ട് പ്രത്യേക വിത്തിനങ്ങൾ

പുനം കൃഷിക്ക് മാത്രമായി പ്രത്യേക ഇനം നെൽ വിത്തുകൾ ഉണ്ടായിരുന്നു. കയമ, പാൽക്കയമ്മ , തൊണ്ണൂറാൻ, കീരിപ്പാല, കുഞ്ഞനെല്ല്, ചെന്നെല്ല്, ചെറൂള ,പൂത്താട പാണ്ടി മൊള,നരയൻ ,പള്ളക്കൻ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ .ഇതിൽ കയമയും പാൽക്കയ്മയും മാത്രമാണ് ഇപ്പോൾ കർഷകരുടെ കൈവശം അവശേഷിച്ചിരിക്കുന്നത്. നെൽ വിത്ത് പ്രത്യേകം ചില ചെടികളുടെ ഇലകളിലാണ് സൂക്ഷിക്കുന്നത്.നടുവിൽ പഞ്ചായത്തിലെ ഗോത്രവർഗ്ഗ ആദിവാസി സമൂഹമായ കരിമ്പാല വിഭാഗത്തിലെ പുല്ലംവനത്തെ സുശീലയുടെയും മാമ്പള്ളത്തെ ചപ്പി തമ്പായിയുടെയും കൈവശമാണ് ഇപ്പോൾ വിത്തുകൾ അവശേഷിക്കുന്നത്.

ഇഷ്ടംപോലെ ഇടവിളകളും

നെല്ലാണ് പ്രധാന കൃഷി എങ്കിലും അതിനോടൊപ്പം ദൈനംദിന ഭക്ഷണ ആവശ്യത്തിനുള്ള പച്ചക്കറികളും ചോളം,ചാമ,മുത്താറി തിന,തുവര എന്നിവയും കൃഷി ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL