
ന്യൂഡൽഹി: ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള പങ്കാളിത്തത്തിന്റെ അടിത്തറ ട്യൂലിപ്പ് പുഷ്പവും താമരയും പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി നെതർലൻഡ്‌സിലെത്തിയ മോദി, ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. നെതർലൻഡ്സിലെ ട്യൂലിപ്പും ഇന്ത്യയിലെ താമരയുടെയും പെരുമ അദ്ദേഹം ചൂണ്ടിക്കാട്ടി. വേരുകൾ വെള്ളത്തിലായാലും മണ്ണിലായാലും ശരിയായ പോഷണം ലഭിച്ചാൽ അവ പുഷ്‌പിക്കുമെന്ന് അവ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള പങ്കാളിത്തത്തിന്റെ അടിത്തറയും അതാണ്. ആഗോളതലത്തിലെ വെല്ലുവിളിക്ക് നടുവിലും ഭാവിക്ക് അനുയോജ്യമായ വിതരണ ശൃംഖലകൾ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഊർജ്ജ സുരക്ഷ മുതൽ ജല സുരക്ഷ വരെയുള്ള മേഖലകളിൽ നാം സഹകരിക്കുന്നു.
നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹം രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ഊർജ്ജസ്വലമായ പാലമായി പ്രവർത്തിക്കുന്നു. ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് സജ്ജീകരണമുള്ളത് ഇന്ത്യയിലാണെന്നും മോദി ചൂണ്ടിക്കാട്ടി. ആംസ്റ്റർഡാമിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിനിടെ കഥക്, ഒഡീസി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗർബ തുടങ്ങിയവ അവതരിപ്പിച്ചു. സ്വീഡൻ, നോർവെ, ഇറ്റലി രാജ്യങ്ങളും മോദി സന്ദർശിക്കും. നാളെ നോർവെയിലെത്തുന്ന മോദി, മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും.
വില്ലെം അലക്‌സാണ്ടർ രാജാവുമായി കൂടിക്കാഴ്ച
നെതർലൻഡ്സ് ഭരണാധികാരി വില്ലെം അലക്‌സാണ്ടർ രാജാവുമായും പത്നി മാക്‌സിമ രാജ്ഞിയുമായും മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം,സുരക്ഷ,ഗ്രീൻ ഹൈഡ്രജൻ,ടെക്‌നോളജി,സെമികണ്ടക്‌ടറുകൾ,ജലം,ഊർജ്ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ചർച്ച ചെയ്‌തു. മോദിയുടെ രണ്ടാമത്തെ നെതർലൻഡ്സ് സന്ദർശനമാണിത്. അതിനിടെ ഇന്ത്യയിലെ സെമികണ്ടക്ടർ നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്‌സ് നെതർലാൻഡ്‌സിന്റെ എ.എസ്.എം.എല്ലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. മോദിയുടെയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെയും സാന്നിദ്ധ്യത്തിലാണ് ഒപ്പുവച്ചത്.
ചോള കാലഘട്ടത്തിലെ നിധി കൈമാറി
11-ാം നൂറ്റാണ്ടിലെ 'ആനൈമംഗലം ചെപ്പേടുകൾ' നെതർലാൻഡ്സ് ഇന്ത്യക്ക് കൈമാറി. 'ലൈഡൻ പ്ലേറ്റുകൾ' എന്ന് അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ചരിത്രരേഖകളിൽ ഒന്നാണ്. 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 1700ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നാഗപട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കാലത്ത് മിഷനറിയായ ഫ്‌ലോറൻഷ്യസ് കാമ്പറാണ് ചെപ്പേടുകൾ ശേഖരിച്ചത്. 1862ൽ പ്രൊഫസർ ഹെന്റിക് ആരെന്റ് ഹമാക്കറിലൂടെ ലൈഡൻ സർവകലാശാലയിലെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |