
അഷ്ഗാബാദ്: തുർക്ക്മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയിൽ അരനൂറ്റാണ്ടിലേറെയായി ആളിപ്പടരുന്ന 'നരകകവാടം' അണയുന്നു. 'ഗേറ്റ്‌സ് ഒഫ് ഹെൽ' എന്ന് വിളിക്കപ്പെടുന്ന ഈ ഗർത്തത്തിലെ അഗ്നിജ്വാലകളുടെ തീവ്രത ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. 70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ളതാണ് ഈ ഗർത്തം. അഷ്‌ഗാബാദിൽ നിന്ന് 260 കിലോമീറ്റർ വടക്ക് ദർവാസ ഗ്രാമത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. 1971ൽ പ്രകൃതിവാതക പര്യവേക്ഷണത്തിനിടെയുണ്ടായ അപകടത്തെത്തുടർന്നാണ് ഈ ഗർത്തം രൂപപ്പെട്ടത്.
ഇതിൽനിന്ന് പ്രവഹിച്ച മീഥെയ്ൻ വിഷവാതകം പടരുന്നത് തടയാനായി അന്ന് ശാസ്ത്രജ്ഞർ ഗർത്തത്തിന് തീകൊളുത്തി. ആഴ്ചകൾക്കുള്ളിൽ അണയുമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ 53 വർഷമായി ഇത് തുടർച്ചയായി കത്തുകയായിരുന്നു.
2022നും 2025നും ഇടയിലുള്ള കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 1,300 കിലോഗ്രാം മീഥെയ്നാണ് ഗർത്തത്തിൽനിന്ന് പുറന്തള്ളപ്പെടുന്നത്.
കാർബൺ ഡയോക്സൈഡിനേക്കാൾ 30 മടങ്ങ് അധികം ചൂട് അന്തരീക്ഷത്തിൽ നിലനിറുത്താൻ ശേഷിയുള്ള വാതകമാണ് മീഥെയ്ൻ. നിലവിൽ തീ ഉള്ളതിനാൽ മീഥെയ്ൻ ഓക്സിജനുമായി ചേർന്ന് കത്തിയമർന്ന് കാർബൺ ഡയോക്സൈഡായി മാറുകയാണ്. എന്നാൽ, തീ അണയുന്നതോടെ മീഥെയ്ൻ നേരിട്ട് അന്തരീക്ഷത്തിലേക്ക് എത്തും. ഇത് ആഗോള താപനത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
2025ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, അഗ്നിജ്വാലകളുടെ തീവ്രത മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞുവെന്ന് തുർക്ക്മെനിസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ തുർക്ക്മെൻഗാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗർത്തത്തിന് സമീപം രണ്ട് പുതിയ ഗ്യാസ് കിണറുകൾ നിർമ്മിച്ച് വാതകം വലിച്ചെടുക്കുന്നതിനാലാണ് തീ കുറഞ്ഞതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |