തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ആർ.എസ്.എസിനുണ്ടായ വോട്ടുചോർച്ചയാണ് സംഘപരിവാറിൽ ചർച്ചയാകുന്നത്. ജാതി സമവാക്യത്തിന് വൻ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ, എല്ലാം തകിടംമറിച്ചാണ് ഇടത് സ്ഥാനാർത്ഥിയായ വി.കെ പ്രശാന്ത് മുന്നേറിയത്. എൻ.എസ്.എസ് സാമുദായിക സമവാക്യങ്ങൾക്ക് നിർണായക പങ്കുളള വട്ടിയൂർക്കാവിൽ എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് യു.ഡി.എഫും സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ വോട്ടുചോർച്ച പരിശോധിക്കുകയാണ് ആർ.എസ്.എസ് നേതൃത്വം. സംഘവുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ ഒരു വിഭാഗത്തിന്റെ വോട്ട് ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് കിട്ടിയെന്നാണ് ആർ.എസ്.എസിനുള്ളിൽ നടക്കുന്ന പ്രധാന ചർച്ച. വട്ടിയൂർക്കാവിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാത്തതിലെ അമർഷവും സാമുദായികസംഘനകളോടുള്ള നിലപാടുകളോടുള്ള പ്രതിഷേധവുമാണ് ഇടതു സ്ഥാനാർത്ഥിയെ സഹായിക്കാൻ പ്രേരണയായത്.
സി.പി.എമ്മിന്റെ ചില നേതാക്കളുടെ അറിവോടെയാണിതെല്ലാം നടന്നതെന്നും പറയുന്നു. തിരുവനന്തപുരത്തെ തദ്ദേശ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് വോട്ട് മറിക്കലിന് ഇടനിലക്കാരനായതെന്നും പറയുന്നു. നേരത്തെ സംഘപരിവാർ യുവ പ്രചാരകനായിരുന്ന ഇയാൾ പിന്നീട് സംഘടന വിടുകയും സി.പി.എമ്മിന് അനുഭാവം കാട്ടുകയും ചെയ്തു. ഇങ്ങനെയാണ് താത്കാലിക ജോലി നേടിയതെന്നണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. വട്ടിയൂക്കാവിൽ ബി.ജെ.പി-ആർ.എസ്.എസ് വോട്ടുകൾ സി.പി.എമ്മിലേക്ക് എത്തിക്കാൻ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വോട്ടെടുപ്പിന് മുൻപുതന്നെ ആരോപിച്ചിരുന്നു.
14465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ പ്രശാന്ത് വിജയിച്ചത്. 54830 വോട്ടുകളാണ് വികെ പ്രശാന്ത് നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ 40365 വോട്ടുകളും, എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സുരേഷ് 27453 വോട്ടുകളും നേടി. കഴിഞ്ഞതവണ കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഈഴവ, ന്യൂനപക്ഷ വോട്ടുകൾ ഇടതിന് അനുകൂലമായി വട്ടിയൂർക്കാവിൽ കേന്ദ്രീകരിക്കപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷും രംഗത്തെത്തിയിരുന്നു. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൽ.ഡി.എഫിനായി മറിച്ചു നൽകിയെന്നും യു.ഡി.എഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി എത്തിയ തനിക്ക് ആദ്യഘട്ടത്തിൽ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |