പുതിയകാലത്ത് നിരവധി പേർ മൂത്രാശയ അണുബാധ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് മൂത്രാശയ അണുബാധ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളിലാണ്. സ്ത്രീകളുടെ മൂത്രനാളിയുടെ നീളം കുറവാണെന്നുള്ളതാണ് ഇതിന്റെ പ്രധാന കാരണം. മലദ്വാരത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ വൻകുടലിൽ നിന്നും പുറന്തള്ളപ്പെടുന്ന ഇ കോളി ബാക്ടീരിയ എളുപ്പത്തിൽ മൂത്രനാളിയിലേക്ക് കടന്നുകയറുന്നുവെന്നതാണ് കാരണം. അങ്ങനെ മൂത്രസഞ്ചിയിൽ എത്തിച്ചേരുകയും അണുബാധ വർദ്ധിക്കുകയും ചെയ്യുന്നു. വൃക്കകളെ ഉൾപ്പെടെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നതാണ് ഇതിലെ അപകടം.
മൂത്രമൊഴിക്കുമ്പോൾ ചൂട് അനുഭവപ്പെടുക, മൂത്രമൊഴിക്കണമെന്ന് ഇടയ്ക്കിടെ തോന്നുക, അറിയാതെ മൂത്രം പോവുക, ഇരുണ്ട നിറത്തിലോ രക്ത നിറത്തിലോ ദുർഗന്ധത്തോടെ മൂത്രംപോവുക, അടിവയറ്റിൽ വേദനയോ സമ്മർദ്ദമോ, ക്ഷീണം, പനി തുടങ്ങിയവയും മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. ചിലരിൽ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും വരാം.
വൃത്തി കുറയുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതുമൊക്കെ ആകാം രോഗത്തിന് കാരണമായി വരുന്നത്. പലപ്പോഴും ജോലി ചെയ്യുന്ന സ്ത്രീകളും വിദ്യാർത്ഥിനികളുമൊക്കെ വിദ്യാലയങ്ങളിലോ ജോലി സ്ഥലത്തോ മൂത്രമൊഴിക്കാൻ മടിച്ച് വെള്ളം കുടിക്കുന്നത് കുറയ്ക്കും. ഇത് ഈ രോഗത്തിലേക്ക് നയിക്കാനിടയാക്കും.
മാത്രമല്ല, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുന്നതും ദോഷകരമാണ്. മൂത്രമൊഴിക്കുമ്പോൾ പൂർണമായും ഒഴിച്ചുവെന്ന് ഉറപ്പുവരുത്തണം. ടോയ്‌ലെറ്റിലും ശരീരത്തിലും ശുചിത്വം പാലിക്കുക. കോട്ടണും ശുദ്ധിയായതുമായ അടിവസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.
മൂത്രസഞ്ചിയുടെ മ്യൂക്കസ് സ്തരത്തിന് രോഗാണുക്കളെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. എന്നാൽ, പ്രതിരോധ ശേഷി കുറയുകയോ മൂത്രസഞ്ചിയിൽ മൂത്രം നിറഞ്ഞിരിക്കുകയോ ചെയ്യുമ്പോഴാണ് അണുബാധയുടെ പ്രയാസങ്ങൾ തുടങ്ങുന്നത്. മൂത്രാശയ അണുബാധയ്ക്ക് ശരിയായ സമയത്ത് ചികിത്സ ആരംഭിക്കണം. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതിയിൽ ചികിത്സ നിർണയിക്കുന്നത്. ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്.
ഡോ. പി.കെ ഉപേഷ് ബാബു
ശ്രീ സത്യസായി ഹോമിയോപതിക് ക്ളിനിക്,
മാർക്കറ്റ് റോഡ്, പെരുമ്പ,
പയ്യന്നൂർ.
ഫോൺ: 9447687432
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |