അൽബേനിയ : ബ്രഹ്മചര്യം ഉൾപ്പെടെയുള്ള കർശന നിലപാടുകളെതുടർന്ന് അൽബേനിയയിലെ തീവ്രവാദ സംഘടനയിൽ നിന്ന് യുവാക്കൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. ആറ് വർഷത്തിലേറെയായി ഇറാനെതിരെ പ്രവർത്തിക്കുന്ന മുജാഹിദിൻ ഇ ഖൽക് എന്ന സംഘടനയിൽ നിന്നാണ് അണികളുടെ കൊഴിഞ്ഞുപോക്ക്. സംഘടനയുടെ കർശന നിലപാടുകളാണ് യുവാക്കളെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ബ്രഹ്മചര്യം പാലിക്കണമെന്നതും കുടുംബവുമായി യാതൊരു വിധ ആശയവിനിമയവും പാടില്ല എന്നിങ്ങനെയാണ് സംഘടനയ്ക്കുള്ളിലെ നിയമങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു സംഘടനാപ്രവർത്തനം ഉപേക്ഷിച്ച് അൽബേനിയ വിട്ടവർ ഇറാനിലേക്ക് മടങ്ങാനാകാതെയും, പഴയ ജീവിതത്തിലേക്ക് മടങ്ങാനാകാതെയും പ്രതിസന്ധിയിലായിരിക്കുകയാണ്. അൽബേനിയൻ തലസ്ഥാനമായ തിറാനയിലാണ് നിരവധി പേരുമുള്ളത്.
സൈനിക സ്വഭാവമുള്ള ക്യാമ്പിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിർസായ് പറയുന്നു. മരിക്കുന്നതിന് മുൻപ് കുടുംബത്തെ കാണണമെന്ന ആഗ്രഹമാണ് ക്യാമ്പിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിർസായ് ബിബിസിയോട് പ്രതികരിച്ചു.
സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതിൽ നിയന്ത്രണം വന്നതോടെയാണ് യുവാക്കൾ സംഘടന വിട്ടതെന്ന് മിർസായ് പറയുന്നു. വീടുകളിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു. 2017ഓടെ മുജാഹിദീൻ അൽബേനിയയിൽ നിന്ന് 30കിലോമീറ്റർ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എന്നാൽ ഇവിടെ സൈനിക ക്യാമ്പ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സർവ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കൾ സ്വകാര്യജീവിത്തിന് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും മിർസായിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
ലൈംഗികത പൂർണമായും നിഷേധിക്കപ്പെട്ടു, അത്തരം ചിന്തകളും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും അവർ വ്യക്തമാക്കി. വിവാഹം, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലർത്തിയതാണ് സംഘടന തിരിച്ചടികൾ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തൽ. കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്തു.
ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്വപ്നം കണ്ടാൽപോലും അത് നോട്ടുബുക്കിൽകുറിച്ചിടേണ്ട അവസ്ഥയിലേക്ക് കർശനമാക്കി. ഈ നോട്ട്ബുക്കുകൾ മറ്റ് അംഗങ്ങളുടെ മുന്നിൽ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |