ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) സെപ്‌തംബറിൽ എട്ടുവർഷത്തെ താഴ്‌ചയായ നെഗറ്റീവ് 4.3 ശതമാനത്തിലേക്ക് തകർന്നടിഞ്ഞു. 2011 ഒക്‌ടോബറിന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളർച്ചയാണിത്. തുടർച്ചയായ രണ്ടാംമാസമാണ് വളർച്ച ഇടിയുന്നത്. ആഗസ്‌റ്റിൽ വളർച്ച, ഏഴുവർഷത്തെ താഴ്‌ചയായ നെഗറ്രീവ് 1.1 ശതമാനമായിരുന്നു. 2018 സെപ്‌തംബറിൽ പോസിറ്റീവ് 4.6 ശതമാനമായിരുന്നു ഐ.ഐ.പി വളർച്ച.
26 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആഗസ്‌റ്റിൽ വളർച്ച നെഗറ്റീവ് പാത സ്വീകരിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞമാസം ഐ.ഐ.പിയിലെ പ്രധാന വിഭാഗങ്ങളുടെ പ്രകടനം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച സെപ്‌തംബറിൽ 4.8 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 3.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഐ.ഐ.പിയിൽ മൂന്നുലൊന്ന് പങ്കും വഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച ആഗസ്‌റ്റിൽ 1.2 ശതമാനമായിരുന്നു.
8.2 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 2.6 ശതമാനത്തിലേക്കാണ് വൈദ്യുതോത്പാദന വളർച്ച കൂപ്പുകുത്തിയത്. ആഗസ്‌റ്റിൽ 0.1 ശതമാനം വളർച്ച കുറിച്ച ഖനന മേഖല, സെപ്‌തംബറിൽ 8.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രാഥമികോത്പന്നങ്ങളുടെ വളർച്ച പോസിറ്രീവ് 1.1 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 5.1 ശതമാനത്തിലേക്കും കുറഞ്ഞു. 20.7 ശതമാനം നഷ്‌ടമാണ് കാപ്പിറ്റൽ ഗുഡ്‌സ് ഉത്‌പാദനം നേരിട്ടത്. ആഗസ്‌റ്റിൽ 4.1 ശതമാനം വളർന്ന കൺസ്യൂമർ ഡ്യൂറബിൾസ്, സെപ്‌തംബറിൽ 9.9 ശതമാനം നഷ്‌ടത്തിലേക്ക് തകർന്നു.
-4.3%
ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച സെപ്‌തംബറിൽ നെഗറ്റീവ് 4.3 ശതമാനം. 2018 സെപ്‌തംബറിൽ വളർച്ച പോസിറ്റീവ് 4.6 ശതമാനമായിരുന്നു.
ജി.ഡി.പിയെ കാത്ത്
കൂടുതൽ തകർച്ച?
നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ആറരവർഷത്തെ താഴ്‌ചയായ 5 ശതമാനത്തിലേക്ക് ഇന്ത്യയുടെ ജി.ഡി.പി വളർച്ച കൂപ്പുകുത്തിയിരുന്നു. 2018-19ലെ സമാന പാദത്തിൽ വളർച്ച എട്ട് ശതമാനമായിരുന്നു. ഈവർഷം ജൂലായ്-സെപ്‌തംബറിലും ജി.ഡി.പി വളർച്ചാസ്ഥിതി മോശമായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് സെപ്‌തംബറിലെ ഐ.ഐ.പി വളർച്ച. ജി.ഡി.പി വളർച്ച അഞ്ചു ശതമാനത്തിന് താഴേക്ക് ഇടിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |