കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകരവിളക്ക് മഹോത്സവം 17മുതൽ 2020 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തിൽ കാവ് ആചാരത്തോടെ നടക്കും.ശബരിമല ധർമ്മ ശാസ്താവിനും, അച്ചൻ കോവിൽ ധർമ്മശാസ്താവിനും അടുക്കുകൾ സമർപ്പിച്ച് കരിക്ക് പടേനിയോട് കൂടി മണ്ഡല മകരവിളക്ക് മഹോത്സവം കൊണ്ടാടും. 999 മലകളെ ഉണർത്തി കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാർകടലിനെയും മേലോകത്തെയും പാതാളത്തെയും തെക്ക് ഏനാദിയെയും വടക്ക് മാവേലിയെയും ഉണർത്തിച്ച് വൃച്ഛിക കൂറിന് രാശി നോക്കി കരിക്ക് ഉടയ്ക്കും. കോന്നി നാല് കരകളുടെ വകയായുള്ള അച്ചൻ കോവിൽ തങ്ക അന്നക്കൊടിയ്ക്ക് ഡിസംബർ 23ന് പരമ്പരാഗത ആചാര വിധി പ്രകാരം കാവിലേക്ക് വരവേൽപ്പ് നൽകും.അച്ചൻ കോവിൽ തങ്ക അന്നക്കൊടിയിൽ നിന്നുള്ള കരക്കാരുടെ പിടിപ്പണം കാവിൽ വെച്ചുഴിയും. ദിവസവും അന്നദാനം,മീനൂട്ട്,വാനര ഊട്ട്, ആനയൂട്ട്, ഭൂമി പൂജ ,ജല സംരക്ഷണ പൂജ,വൃക്ഷ സംരക്ഷണ പൂജ,നിത്യ പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി,നാണയപ്പറ, മഞ്ഞൾ പറ,നെൽപ്പറ,കുംഭ പാട്ട്, ഭാരതകളി,തലയാട്ടം കളി,കമ്പു കളി, കളരി വിളക്ക്,നടവിളക്ക്,പടി വിളക്ക്,ഉപ സ്വരൂപ വിളക്ക്, വെള്ളംകുടി നിവേദ്യം,സന്ധ്യാ വന്ദനം,ദീപ നമസ്‌കാരം എന്നിവ നിത്യ പൂജകളായി മണ്ഡല മകരവിളക്ക് മഹോത്സത്തിന്റെ ഭാഗമായി നടക്കും.കാവിലെ 41 തൃപ്പടികളിൽ ഓരോ ദിവസവും പൂജകൾ സമർപ്പിക്കും.കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ,വിനീത് ഊരാളി എന്നിവർ കാർമികത്വം വഹിക്കുമെന്ന് പ്രസിഡണ്ട് അഡ്വ.സി.വി ശാന്ത കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |