മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശുപാർശ. എൻ.സി.പിക്ക് സർക്കാർ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പാണ് ഗവർണറുടെ അപ്രതീക്ഷിത നീക്കം. ഗവർണറുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കേന്ദ്രം ശുപാർശ രാഷ്ട്രപതിക്ക് കൈമാറുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വരും. എന്നാൽ, ശുപാർശയെ കുറിച്ച് അറിയില്ലെന്നും തങ്ങൾക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എൻ.സി.പി അറിയിച്ചു.
ഇന്നു വൈകിട്ട് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം എൻ.സി.പി നേതാക്കൾ വീണ്ടും ഗവർണറെ കാണും. അതേസമയം, രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന അറിയിച്ചു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന. അതേസമയം, രാജ്ഭവൻ വൃത്തങ്ങൾ ഇതു സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 105, ശിവസേന-56, എൻ.സി.പി-54, കോൺഗ്രസ് - 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബി.ജെ.പിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെയും തുടർന്ന് രണ്ടാമത്തെ കക്ഷിയായ ശിവസേനയെയും ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും ഇരു പാർട്ടികൾക്കും അതിനു കഴിയാതിരുന്നതോടെ തിങ്കളാഴ്ച രാത്രി എൻ.സി.പിക്ക് ഗവർണർ കത്തു നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |