ഫാക്‌ടറി വീണ്ടും തുറന്നേക്കും
ഭൂമി ഏറ്റെടുക്കാൻ അധികാരമുണ്ടെന്ന് സർക്കാർ
കോട്ടയം: മൂലധന പ്രതിസന്ധിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്കും മൂലം പൂട്ടിക്കിടക്കുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) വീണ്ടും തുറക്കാൻ സാദ്ധ്യതയേറുന്നു. ന്യൂസ് പ്രിന്റ് ഫാക്‌ടറിയുടെ ഭൂമി തിരിച്ച് ഏറ്റെടുക്കുമെന്ന് കാട്ടി ലിക്വിഡേറ്രർക്ക് സംസ്‌ഥാന സർക്കാർ നോട്ടീസ് നൽകിയതോടെയാണ് പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചത്.
കഴിഞ്ഞ സെപ്‌തംബറിലാണ് എച്ച്.എൻ.എൽ പൂട്ടിയത്. ഒരുവർഷമായി ശമ്പളം കിട്ടാത്തതിനാൽ കഴിഞ്ഞദിവസം ഒരു തൊഴിലാളി ആത്‌മഹത്യ ചെയ്‌തിരുന്നു. ഇതോടെയാണ്, എച്ച്.എൻ.എൽ ഏറ്റെടുക്കുന്ന നടപടികളിലേക്ക് സംസ്‌ഥാന സർക്കാർ കടന്നത്. എച്ച്.എൻ.എല്ലിന് നൽകിയ 700 ഏക്കർ ഭൂമി തിരിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കാട്ടി കോട്ടയം ജില്ലാ കളക്‌ടർ പി.കെ. സുധീർ ബാബുവാണ് കമ്പനി മാനേജിംഗ് ഡയറക്‌ടർ ആർ. ഗോപാലറാവു, ഒഫീഷ്യൽ ലിക്വിഡേറ്രർ കുൽദീപ് വർമ്മ എന്നിവർക്ക് നോട്ടീസ് നൽകിയത്.
എച്ച്.എൻ.എല്ലിനെ മാതൃസ്ഥാപനമായ എച്ച്.പി.സി ലിക്വിഡേറ്റ് ചെയ്‌തതോടെയാണ്, കമ്പനിക്ക് കീഴിലുള്ള വെള്ളൂരിലെ എച്ച്.എൻ.എൽ ഫാക്‌ടറി ലിക്വിഡേറ്ററുടെ കീഴിലായത്. എച്ച്.എൻ.എല്ലിന്റെ 100 ശതമാനം ഓഹരികളും എച്ച്.പി.സിയുടെ കൈവശമാണ്. അതേസമയം, ഏറ്രെടുക്കൽ നടപടിക്ക് മുന്നോടിയെന്നോണം പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗം (റിയാബ്) എച്ച്.എൻ.എൽ സന്ദർശിച്ച് ഓഹരി മൂല്യനിർണയം നടത്തി. ഏറ്രെടുക്കൽ സംബന്ധിച്ച റിപ്പോർട്ട് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് സർക്കാർ കൈമാറിയിട്ടുമുണ്ട്.
ഭൂമി തിരിച്ച് പിടിക്കൽ: പിന്നിൽ
കമ്പനിയുടെ കരാർ ലംഘനം
എച്ച്.എൻ.എല്ലിന് 1974-79 കാലയളവിലാണ് സർക്കാർ ഭൂമി ലഭ്യമാക്കിയത്. പത്രക്കടലാസ് നിർമ്മാണം മാത്രമേ നടത്താവൂ എന്ന വ്യവസ്ഥയും അന്ന് മുന്നോട്ടുവച്ചു. കരാർ ലംഘിച്ചാൽ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കരാർ പാലിക്കാൻ കമ്പനിക്ക് സാധിക്കാഞ്ഞതോടെയാണ്, ഭൂമി തിരിച്ചേറ്റെടുക്കൽ നടപടിയിലേക്ക് സർക്കാർ കടക്കുന്നത്.
ഭൂമി ഏറ്റെടുത്ത് നൽകിയ കാലത്തെ വിലയുടെ 85 ശതമാനം തുക കഴിച്ചുള്ളത് നൽകിയാണ് സർക്കാർ തിരിച്ചുപിടിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കാൻ അധികാരമുണ്ടെന്ന് കാട്ടുന്ന നോട്ടീസാണ് ലിക്വിഡേറ്റർക്ക് കൈമാറിയത്. മറുപടി നൽകാൻ ലിക്വിഡേറ്റർക്ക് ഒരുമാസത്തെ സമയമുണ്ട്.
എച്ച്.എൻ.എല്ലിന്റെ
ബാദ്ധ്യതകൾ
മൊത്തം ബാദ്ധ്യത : ₹400 കോടി
ബാങ്കുകൾക്ക് നൽകാനുള്ളത് : ₹200 കോടി
സർക്കാരിന് : ₹100 കോടി
ജീവനക്കാരുടെ ചെലവ് : ₹60 കോടി
എംപ്ളോയീസ് സൊസൈറ്റിക്ക് : ₹6.5 കോടി
തൊഴിലാളികൾ
സ്ഥിരം തൊഴിലാളികൾ : 1,453
അനുബന്ധ തൊഴിലാളികൾ : 5,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |