വാഷിംഗ്ടൺ: അസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.എസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലിജിയസ് ഫ്രീഡം (യു.എസ്‍.സി.ഐ.ആർ.എഫ്) വിമർശനമുന്നയിച്ചു. പോളിസി അനലിസ്റ്റ് ഹാരിസൺ അക്കിൻസാണ് യു.എസ്‍.സി.ഐ.ആർ.എഫിനു വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ എൻ.ആർ.സിയെ വിമർശിച്ചിരിക്കുന്നത്. മുസ്ളിം വിഭാഗക്കാരെ ഒരു രാജ്യത്തെയും പൗരന്മാരല്ലാതാക്കുകയാണ് എൻ.ആർ.സി ചെയ്യുന്നത്. അസാമിലെ ബംഗാളി മുസ്ളിം വിഭാഗക്കാരുടെ പൗരത്വം നഷ്ടമാക്കാൻ എൻ.ആർ.സി കാരണമാകുമെന്നും നടപടിയിലൂടെ വലിയ വിഭാഗം മുസ്ളിം മതക്കാർക്ക് പൗരത്വം നഷ്ടമാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം താഴേക്കാണെന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് എൻ.ആർ.സിയെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ നടപടിയിലൂടെ ബി.ജെ.പി സർക്കാരിന്റെ മുസ്ളിം വിരുദ്ധ ചായ്‍വാണു പ്രകടമാകുന്നത്. ഇന്ത്യൻ പൗരത്വത്തിൽ മതപരമായ പരിശോധനയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. റിപ്പോർട്ടി. പറയുന്നു.
ഓഗസ്റ്റ് 31നാണ് എൻ.ആർ.സി അന്തിമ പട്ടിക പുറത്തുവിട്ടത്. ഇതുപ്രകാരം 1.9 ദശലക്ഷം പേർക്കു പട്ടികയിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. 2013 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ എൻ.ആർ.സി നടപടികൾ ആരംഭിച്ചത്. ശാസ്ത്രീയമായ രീതിയിലാണ് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എൻ.ആർ.സിയിൽ പേരുള്ളവർ മാത്രമാണ് യഥാർത്ഥ ഇന്ത്യൻ പൗരന്മാരെന്ന നിലപാടിലാണ് കേന്ദ്രം. ഇതോടെ യഥാർത്ഥ ഇന്ത്യക്കാർ ആരെന്ന് തെളിയിക്കേണ്ടത് അസാമിലെ 33 ദശലക്ഷം ജനങ്ങളുടെ ഉത്തരവാദിത്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |