ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ നടുവിൽ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ഭീമന്മാരുടെ അടിതെറ്റുമെന്ന് ഉറപ്പായി. റിലയൻസ് ജിയോ ഒഴികെ എല്ലാ കമ്പനികളും നഷ്ടത്തിന്റെ പടുകുഴിയിലാണ്. ടെലികോം സ്പെക്ട്രം വിഹിതം പിഴയോടെ കമ്പനികൾ കേന്ദ്രത്തിന് നൽകണമെന്ന സുപ്രീം കോടതി വിധി കൂടി വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എല്ലാ കമ്പനികളും ചേർന്ന് 80,000 കോടി രൂപയോളം ഈയിനത്തിൽ കുടിശികയുണ്ട്.
വൊഡാഫോൺ ഐഡിയ, എയർടെൽ, റിലയൻസ് ജിയോ, പൊതുമേഖലയിലെ ബി.എസ്.എൽ.എൽ, എം.ടി.എൻ.എൽ എന്നീ കമ്പനികൾ മാത്രമാണ് ഇന്ത്യൻ ടെലികോം രംഗത്ത് അവശേഷിക്കുന്നത്. ഇതിൽ റിലയൻസ് ജിയോയ്ക്ക് മാത്രമേ സാമ്പത്തികമായി സ്ഥിരതയുള്ളൂ.
വൊഡാഫോൺ ഐഡിയ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 53,000 കോടി നഷ്ടത്തിലാണ്. എയർടെല്ലിന്റെ കാര്യവും ശോഭനമല്ല. രണ്ടു കമ്പനിയും ചേർന്നുള്ള മാെത്തം നഷ്ടം 74,000 കോടി വരും. 1.34 ലക്ഷം കോടിയോളം വരുന്ന തങ്ങളുടെ നികുതി ബാദ്ധത എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇരു കമ്പനികളും കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് 23.41രൂപ വിലയുണ്ടായിരുന്നു വൊഡാഫോൺ ഐഡിയയുടെ ഓഹരിക്ക് ഇപ്പോൾ 5.55 രൂപ മാത്രമേയുള്ളൂ.
ജിയോയെ നേരിടാനാണ് വൊഡാഫോണും ഐഡിയയും ചേർന്ന് ഒന്നായത്. 40 കോടി കണക്ഷനുകളോടെ രാജ്യത്ത് ഒന്നാമത് നിന്ന ഇവർ പിന്നാലെ തകർന്നടിഞ്ഞു.
ബി.എസ്.എൽ.എല്ലും എം.ടി.എൻ.എല്ലും എന്ന് പൂട്ടണമെന്ന സ്ഥിതിയിലാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികം നഷ്ടമുണ്ടാക്കുന്നത് ബി.എസ്.എൻ.എല്ലാണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എം.ടി.എൻ.എൽ.
ഇങ്ങിനെ പോയാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യൻ ടെലികോം രംഗത്ത് ജിയോ മാത്രം അവശേഷിക്കുന്ന സ്ഥിതിയുമുണ്ടായേക്കാം. 33 കോടി ഉപഭോക്താക്കളുമായി ജിയോയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി. റിലയൻസ് ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിരതയാണ് ജിയോയുടെ അടിത്തറ.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോംശൃഖല ഇന്ത്യയിലേതാണ്. കഴിഞ്ഞ മേയിലെ കണക്കു പ്രകാരം 118.3 കോടി ഫോൺ കണക്ഷനുകൾ രാജ്യത്തുണ്ട്. ലോകത്ത് ഏറ്റവും കുറഞ്ഞ കാൾ നിരക്കും ഇന്ത്യയിലേതാണ്. ഇന്റർനെറ്റ് കണക്ഷന്റെ കാര്യത്തിലും രാജ്യം മോശമല്ല. 63.67 കോടി കണക്ഷനുകളുണ്ട്. ലോകത്തെ മൊത്തം ഇന്റർനെറ്റ് കണക്ഷന്റെ 20% ഓളം ഇന്ത്യയിലാണ്.
മൊബൈൽ ഫോണുകൾ: 121 കോടി ഇതിൽ 44.6 കോടിയും സ്മാർട്ട് ഫോണുകൾ
56 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ. മൊത്തം ജനസംഖ്യയുടെ 43% വരും.
രക്ഷാമാർഗങ്ങൾ
നികുതി കുടിശിക എഴുതി തള്ളൽ
രണ്ട് വർഷത്തേക്ക് സ്പെക്ട്രം കുടിശിക മരവിപ്പിക്കൽ
നിരക്ക് വർദ്ധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |