മുംബയ്: മഹാരാഷ്ട്രയിൽ 169 എം.എൽ.എമാരുടെ വിശ്വാസവോട്ട് നേടി ഉദ്ദവ് താക്കറെ സർക്കാർ. സുപ്രീം കോടതി നിർദ്ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്. എൻ.സി.പിയിൽനിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണയോടെ നടപടിക്രമങ്ങൾ ആരംഭിച്ചു
നിയമസഭ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സഭയിൽ ബഹളം വച്ചു. വിശ്വാസവോട്ട് ബഹിഷ്‌കരിച്ച ബി.ജെ.പി അംഗങ്ങൾ സഭവിട്ടു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു ലഭിക്കാൻ വൈകിയെന്നും എല്ലാ എം.എൽ.എമാരെയും സഭയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം പ്രത്യേകസമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കർ ദിലീപ് പാട്ടീൽ ഫഡ്‌നാവിസിന് മറുപടി നൽകി. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്‌നാവിസ് സഭയിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |