ന്യൂഡൽഹി: ഉള്ളിവിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ നടപടിയുമായി കേന്ദ്രസർക്കാർ. വിലനിയന്ത്രണത്തിന് കൂടുതൽ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്രം തയ്യാറെടുക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേന്ന യോഗത്തിലാണ് തീരുമാനം.
ഈജിപ്ത്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സവാള ഇറക്കുമതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നാഫെഡ് വഴി രാജ്യത്തെ കർഷകരിൽ നിന്നും സവാള നേരിട്ട് സംഭരിക്കും. ഇവ കേന്ദ്രസർക്കാർ നേരിട്ട് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പിയൂഷ് ഗോയൽ, നരേന്ദ്ര സിങ് തോമർ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പി.കെ. സിൻഹ എന്നിവർ പങ്കെടുത്തു.
വിപണിയിൽ കൃത്യമായ നിരീക്ഷണത്തിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം കത്തയച്ചു. സസ്യാഹാരിയായതുകൊണ്ട് താൻ ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് വിലക്കയറ്റത്തെക്കുറിച്ച് അറിയില്ലെന്നും കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയുടെയും ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന ധനമന്ത്രിയുടെയും പരാമർശങ്ങൾ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |