ന്യൂഡൽഹി : ഉന്നാവയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ തീകൊളുത്തിയ സംഭവത്തിൽ കേന്ദ്രത്തെയും യു.പി സർക്കാരിനെയും ലോക്‌സഭയിൽ പ്രതിരോധിലാക്കാൻ ശ്രമിച്ച കോൺഗ്രസിനെ സ്വന്തം എം.പിമാരായ ടി.എൻ. പ്രതാപനും ഡീൻകുര്യാക്കോസും വെട്ടിലാക്കി. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കു നേരെ കൈചുരുട്ടി ആക്രോശിച്ച ഇരുവരും തിങ്കളാഴ്ച നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സ്‌പീക്കറുടെ അനുമതി തേടി.
ഉന്നാവോ പ്രശ്നത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ബഹളത്തിനിടെയാണ് ടി.എൻ. പ്രതാപനും ഡീൻകുര്യാക്കോസും സ്‌മൃതി ഇറാനിക്കു നേരെ ആക്രോശിച്ചത്. വനിതയായ കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ പ്രതാപനും ഡീനും തിങ്കളാഴ്ച മാപ്പുപറയണമെന്ന് കേന്ദ്രസർക്കാരും ബി.ജെ.പിയും ആവശ്യപ്പെട്ടു.
മാർഷൽമാരോട് മോശമായി പെരുമാറിയതിന് അടുത്തിടെ പ്രതാപൻ സസ്‌പെൻഷനിലായതും ചൂണ്ടിക്കാട്ടി ആം ആദ്മി, ബി.ജെ.ഡി എം.പിമാരും ബി.ജെ.പിയെ പിന്തുണച്ചു. അതേസമയം വിഷയം വഴിതിരിച്ചുവിടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണിതെന്നും മാപ്പ് പറയില്ലെന്നും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പൗരത്വഭേദഗതി ബിൽ തിങ്കളാഴ്ച വരാനിരിക്കെ എം.പിമാരുടെ പെരുമാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.
കൈചുരുട്ടി പ്രതാപനും ഡീനും, വിതുമ്പി സ്‌മൃതി
കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഉന്നാവ, തെലങ്കാന വിഷയങ്ങൾ ഉന്നയിച്ചത്. ഉന്നാവ പെൺകുട്ടിക്ക് 95 ശതമാനം പൊള്ളലുണ്ട്. ഒരുഭാഗത്ത് രാമക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ മറുഭാഗത്ത് സീതയെ കത്തിക്കുന്നു - അധീർരഞ്ജൻ പറഞ്ഞു. വിഷയം സാമുദായികമാക്കുന്നതായി ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ബഹളം വയ്‌ക്കുന്നതിനിടെ കോൺഗ്രസ് വാക്കൗട്ട് നടത്തി.
സ്‌മൃതി ഇറാനിയുടെ മറുപടിക്കിടെ തിരിച്ചെത്തിയ കോൺഗ്രസ് എം.പിമാർ അമിത് ഷായുടെ വിശദീകരണത്തിനായി വീണ്ടും ബഹളം തുടങ്ങി. സ്‌മൃതിയും ബി.ജെ.പി അംഗങ്ങളും പ്രതികരിച്ചു അതോടെ ടി. എൻ. പ്രതാപനും ഡീൻ കുര്യാക്കോസും സ്‌മൃതിക്കു നേരെ കൈചുരുട്ടി ആക്രോശിച്ച് നടുത്തളത്തിലേക്ക് നീങ്ങി. സ്‌മൃതിയും സീറ്റ് വിട്ടിറങ്ങി വാക്കേറ്റമായി. പ്രതാപനെയും ഡീനിനെയും സുഗതറോയ്, സുപ്രിയ സുലെ തുടങ്ങിയവർ തടഞ്ഞു. മന്ത്രി പ്രഹ്ലാദ് ജോഷിയടക്കമുള്ളവർ സ്‌മൃതിയെയും അനുനയിപ്പിച്ചു.
ബഹളം രൂക്ഷമായപ്പോൾ സ്പീക്കർ ഓം ബിർള സ്‌മൃതിയുടെ മൈക്ക് ഓഫാക്കി ഒന്നര വരെ സഭ പിരിച്ചുവിട്ടു. പത്തുമിനുട്ടോളം സഭയിൽ ഇരുന്ന സ്‌മൃതി വിതുമ്പിയാണ് പുറത്തിറങ്ങിയത്.1.30ന് സഭ ചേർന്നപ്പോൾ പ്രതാപനും ഡീനും എത്തിയില്ല. ഇരുവരും മാപ്പുപറയണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖി എം.പിമാരെ സഭയിലെത്തിക്കാൻ അധിർരഞ്ജൻ ചൗധരിയോട് ആവശ്യപ്പെട്ട് 2.30 വരെ സഭ പിരിഞ്ഞു. സഭ വീണ്ടും സമ്മേളിച്ചപ്പോൾ ബി.ജെ.പി, ബി.ജെ.ഡി, ആം ആദ്മി അംഗങ്ങൾ പ്രതാപനും ഡീനും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങളെ എത്തിക്കാത്തതിനാൽ ചെയർ സഭ തിങ്കളാഴ്ചത്തേക്ക് പിരിച്ചു വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |