തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയ്ക്കായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിൽ പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസുമായല്ലാതെ മറ്റൊരു കമ്പനിയുമായും ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറാ
യി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ കമ്പനികളിൽ നിന്ന് ടെൻഡറും ക്ഷണിച്ചിട്ടില്ല. ആഗ്രഹിച്ചവർ പലരുമുണ്ടായിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ ആവശ്യത്തിനിണങ്ങുന്ന ഉറപ്പുളള സേവനം കേന്ദ്ര സിവിൽ വ്യോമയാന വകുപ്പിന് കീഴിലുള്ള കമ്പനിയിൽ നിന്ന് ലഭ്യമാക്കുകയാണുണ്ടായിട്ടുള്ളത്.
സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ ഹെലികോപ്ടറിന്റെ ആവശ്യമുണ്ടെന്ന് കണ്ടാണ് വാടകയ്‌ക്കെടുക്കുന്നതിന് തീരുമാനിച്ചത്. പൊതുമേഖലാസ്ഥാപനമായ പവൻഹാൻസ് രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങൾക്കും ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരടങ്ങുന്ന ഉന്നതസമിതിയാണ് ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിയത്. വിശദമായ പഠനത്തിന് ശേഷമാണ് സർക്കാർ ഈ തീരുമാനം അംഗീകരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ വിദഗദ്ധരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയും വിശകലനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് 11 സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ തീരുമാനിച്ചത്. വ്യവസ്ഥയനുസരിച്ച് അനുബന്ധ ഉപകരണങ്ങൾ, ഇന്ധനം, ക്രൂ, അറ്റകുറ്റപ്പണി, സ്റ്റാഫ് പരിപാലനം, രാത്രികാലങ്ങളിൽ ഉൾപ്പെടെ പറക്കാനും ഇറങ്ങാനുമുള്ള സംവിധാനം ഇങ്ങനെ വിവിധ കാര്യങ്ങൾ പരിശോധിച്ചാണ് നിരക്കുൾപ്പെടെയുള്ള തീരുമാനത്തിലെത്തിയത്.
ഹെലികോപ്റ്റർ ആവശ്യമാകുന്ന തരത്തിലുള്ള നക്സൽ പ്രശ്നം ഇവിടെയുണ്ടോ ഇല്ലയോ എന്നതൊക്കെ ആപേക്ഷികമാണ്. ഒരു അത്യാപത്ത് വന്നുപെട്ടാൽ സ്വാഭാവികമായും ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |