ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടനെന്ന് സൂചന നൽകി, ബീഹാറിലെ ബുക്സർ ജില്ലാ ജയിലിൽ 10 തൂക്കുകയർ തയാറാകുന്നു. തടവു പുള്ളികളാണ് തൂക്കുകയർ ഒരുക്കുന്നത്.
14ന് മുമ്പ് തൂക്കുകയർ തയ്യാറാക്കി നൽകണമെന്ന് ജയിൽ ഡയറക്ടറേറ്റ് അറിയിച്ചെന്ന് ബുക്സർ ജയിൽ സൂപ്രണ്ട് വിജയ്‌കുമാർ അറോറ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഏത് ജയിലിലേക്കാണ് ഇവ ആവശ്യപ്പെട്ടതെന്ന് അറിയില്ല.
തൂക്കുകയർ നിർമ്മാണത്തിന് പ്രശസ്തമാണ് ഈ ജയിൽ. 1930 മുതൽ ഇവിടെ തൂക്കുകയർ നിർമ്മിക്കുന്നുണ്ട്. മനില കയർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പാർലമെന്റ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിനും 2004ൽ പശ്ചിമബംഗാളിൽ മാനഭംഗ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട ധനഞ്ജയ് ചാറ്റർജിക്കുമുള്ള തൂക്കുകയർ ഇവിടെയാണ് തയ്യാറാക്കിയത്.
ഗയയിലെ മാൻപുരിൽ നിന്നാണ് നൂൽ എത്തിക്കുന്നത്. അഫ്സൽ ഗുരുവിന്റെ തൂക്കുകയറിന് 1,725 രൂപയായിരുന്നു ചെലവ്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതിനാൽ ഇക്കുറി ചെലവ് കൂടുമെന്ന് ജയിൽ അധികൃതർ പറയുന്നു.
തെലങ്കാനയിൽ ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു.
റിവ്യൂ ഹർജിയുമായി പ്രതി
വധശിക്ഷാ വിധിക്കെതിരെ റിവ്യൂ ഹർജിയുമായി പ്രതികളിലൊരാളായ അക്ഷയ് താക്കൂർ സുപ്രീംകോടതിയെ സമീപിക്കും. ഇന്നലെ ഹർജി ഫയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും രജിസ്ട്രി സമയം കഴിഞ്ഞതിനാൽ സാധിച്ചില്ല. ഇന്ന് ഫയൽചെയ്‌തേക്കും. നേരത്തെ വിനയ്‌കുമാർ, മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നീ പ്രതികളുടെ പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. റിവ്യൂ ഹർജി തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം അക്ഷയ് താക്കൂറിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |