തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണെന്നും അദ്ദേഹം ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ പോലെയാണ് പെരുമാറുന്നതെന്നും പറഞ്ഞ് മന്ത്രി ഇ.പി ജയരാജൻ. ഒരു സ്വകാര്യ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഗവർണർ പ്രതികരിച്ചത് ശരിയായില്ലെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമമെന്നും മന്ത്രി പറഞ്ഞു. ഗവർണർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കളെ പോലെ പെരുമാറാൻ പാടില്ലായിരുന്നുവെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'മതനിരപേക്ഷതയെ തകർക്കുകയാണ്. ആ മൂല്യത്തിനാണ് നമ്മുടെ ഭരണരംഗം പ്രാധാന്യം നൽകേണ്ടത്. അത് കാണാതെ, ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ, ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ വക്താവായി അദ്ദേഹം മാറാൻ പാടില്ലായിരുന്നു. ' മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പറഞ്ഞിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവർക്കും ഉണ്ടെന്നും ഗവർണർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |