കോലഞ്ചേരി: സവാള വില വീണ്ടും കുതിപ്പിൽ. വിപണിയിൽ ഇന്ത്യൻ സവാളയില്ല, വിദേശി മാത്രം. സവാള ഉപഭോഗം ഇരട്ടിയാകുന്ന ക്രിസ്മസ് കാലത്ത് കത്തിക്കയറുകയാണ് വില.
കിലോ 200ൽ നിന്ന് ഒരാഴ്ച മുമ്പ് 90ലേക്ക് താഴ്ന്ന സവാള ചില്ലറ വില കഴിഞ്ഞ മൂന്നു ദിവസം കുതിച്ച് ഇന്നലെ 160ലെത്തി.
കോയമ്പത്തൂരിലെ മൊത്ത വിതരണ മാർക്കറ്റായ സി.ടി.സി മാർക്കറ്റിൽ ഇന്നലെ ഒരു ലോഡ് മാത്രമാണ് ഇന്ത്യൻ സവാള എത്തിയത്. മറ്റെല്ലാം ഇറക്കുമതി ചെയ്ത ഈജിപ്റ്റ്, തുർക്കി സവാളകളായിരുന്നു.
ഇത് 135 വരെയാണ് മൊത്തവിതരണ ലേലം നടന്നത്. ഇന്ത്യൻ സവാള 145 നായിരുന്നു ഉയർന്ന ലേലം. റോസ് നിറത്തിലുള്ളതാണ് ഈജിപ്റ്റ് സവാള, വയലറ്റ് തുർക്കിയും. ഇതിനാണ് വില്പന വില 160 എത്തിയത്.
നാസിക്കിലും പൂനയിലും വിളവെടുപ്പ് തുടങ്ങാറായി. നിലവിൽ സ്റ്റോക്കുണ്ടായിരുന്നത് വില്പന കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പ് തുടങ്ങും. ഇതോടെ വില കുറയുമെന്നാണ് പ്രതീക്ഷയെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.
മാർക്കറ്റുകളിലേക്കുള്ള ഉള്ളിയുടെ വരവും ഗണ്യമായി കുറഞ്ഞു. എട്ട് ലോറികൾ വരെ വന്ന മാർക്കറ്റുകളിൽ രണ്ട് ലോറി മാത്രമായി ചുരുങ്ങി. ഉള്ളിയും ഇറക്കുമതി ചെയ്തതോടെയാണ് 200 വരെ പോയ വില കുറഞ്ഞുവന്നത്. ഇത് വീണ്ടും കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതും പാളി.
ഒരു ചാക്ക് വരെ വാങ്ങിയിരുന്ന ചില്ലറ വ്യാപാരികൾ ഇപ്പോൾ പത്ത് കിലോ ഉള്ളിവാങ്ങിയാണ് പോകുന്നത്. ഹോട്ടലുകളിലേക്കും ഉള്ളി വാങ്ങുന്നത് കുറച്ചു. ഉള്ളിക്ക് വേണ്ടി ലോറികൾ ദിവസങ്ങളോളം പൂനെയിൽ കാത്തുകിടക്കുകയാണ്. ലോഡ് നിറയാൻ ഉള്ളിയില്ലാത്തതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |