കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സമാപനം കുറിച്ചു നടന്ന റാലി കളക്ടറേറ്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ഹിറ്റ്ലറിന്റെ ശൈലിയാണ് മോദി പിന്തുടരുന്നത്. ആഭ്യന്തര ശത്രുക്കളായി കണ്ട് ന്യൂനപക്ഷങ്ങളെ നിഷ്കാസനം ചെയ്യാനാണ് ശ്രമം. ഇന്ത്യയെ മതാധിഷ്ഠിതമാക്കാൻ തടസ്സമായി നിൽക്കുന്നത് ഭരണഘടനയാണ്. അതുകൊണ്ട് ഭരണഘടനയെ ആദ്യം പൊളിച്ചെഴുതാൻ ആർ.എസ്.എസ് ആഗ്രഹിക്കുന്നു. ആർ.എസ്.എസിന്റെ താളത്തിനൊത്തു തുള്ളുകയാണ് മോദി.
പൗരത്വ ബില്ലിനെതിരെ നമ്മുടെ സർവകലാശാലകളിൽ വിദ്യാർത്ഥികളും യുവാക്കളും പ്രക്ഷോഭവുമായി രംഗത്തുവന്നത് ആശാവഹമാണ്. നിയമസഭയിൽ ഇതിനെതിരെ പ്രമേയം പാസാക്കിയപ്പോൾ സഭയ്ക്ക് എന്ത് അവകാശം എന്നു ചോദിച്ചവരുണ്ട്. കേന്ദ്രം പറയുന്നത് അതുപോലെ അനുസരിക്കലല്ല നിയമസഭയുടെ രീതി.
പൗരത്വ ബില്ലിനെതിരെ പ്രതിപക്ഷവുമായി യോജിച്ച പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണമെന്നു തന്നെയാണ് ഇടതുമുന്നണിയുടെ അഭിപ്രായം. എന്നാൽ കെ.പി.സി.സി പ്രസിഡന്റിനെ പോലുള്ള ചിലർ അവിവേകമായ സമീപനമാണ് തുടരുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
മന്ത്രി ഇ.പി. ജയരാജൻ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ, എം.വി. ജയരാജൻ, പി.കെ. ശ്രീമതി, എ.എൻ. ഷംസീർ, ടി.വി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |