പൊന്നാനി: മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണൻ (86) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുവായൂർ ദേവസ്വം ബോർഡിൽ സർക്കാരിന്റെ നോമിനിയായ ആദ്യ ചെയർമാനായിരുന്നു. കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം തുടർച്ചയായി മൂന്നുതവണ ഈ സ്ഥാനം വഹിച്ചു.
1987ൽ കെ. ഇമ്പിച്ചിബാവയെ തോൽപ്പിച്ച് പൊന്നാനി എം.എൽ.എയായി. 1965ൽ 27-ാം വയസിൽ എ.ഐ.സി.സി അംഗമായ മോഹനകൃഷ്‌ണൻ കെ.പി.സി.സി നിർവാഹക സമിതി അംഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആക്‌ടിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിട്ടുണ്ട്. ബാംബൂ കോർപറേഷൻ ചെയർമാൻ സ്ഥാനവും വഹിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ, തുഞ്ചൻ സ്മാരക സമിതി അംഗം, മലപ്പുറം ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നാടകവേദികളിൽ പ്രാഗല്ഭ്യം തെളിയിച്ച മോഹനകൃഷ്‌ണൻ 'ചൈതന്യം", 'അഗ്നിദേവൻ" തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഭാര്യ: നളിനി മോഹനകൃഷ്ണൻ. മക്കൾ: ആശ രാമചന്ദ്രൻ, പരേതനായ സുധീർ ഗോവിന്ദ്, ഹേമ മോഹൻ, പി.ടി. അജയ്‌മോഹൻ (കെ.പി.സി.സി സെക്രട്ടറി), സിന്ധു ഉണ്ണി. മരുമക്കൾ: ഡോ. രാമചന്ദ്രൻ, മോഹനൻ മീമ്പാട്ട് (എൻജിനിയർ), പി.എൻ. രാവുണ്ണി (വൈസ് പ്രസിഡന്റ്, ബോംബേ ബർമ്മ ട്രേഡിംഗ് കമ്പനി, കൊച്ചി), പ്രേമജ സുധീർ (മുൻ പ്രസിഡന്റ്, വെളിയംകോട് ഗ്രാമപഞ്ചായത്ത്), പാർവതി അജയ് മോഹൻ (അദ്ധ്യാപിക, എം.ഐ ഗേൾസ്, പൊന്നാനി). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |