ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമവും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ആറ് പ്രമുഖ പാർട്ടികൾ പങ്കെടുക്കാതിരുന്നത് പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.
തൃണമൂൽ കോൺഗ്രസ്,ബി.എസ്.പി, എസ്.പി, ഡി.എം.കെ, ശിവസേന, ആംആദ‌്മി പാർട്ടി എന്നിവയാണ് വിട്ടു നിന്നത് പാർലമെന്റ് അനക്സിൽ നടന്ന യോഗത്തിൽ 20 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.ജനുവരി 23ന് നേതാജി സുബാഷ്ചന്ദ്ര ബോസിന്റെ ജൻമദിനത്തിലും 26ന് റിപ്പബ്ളിക് ദിനത്തിലും 30ന് ഗാന്ധിജി രക്തസാക്ഷി ദിനത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ എട്ടിന് നടന്ന ദേശീയ പണിമുടക്കിനിടെ പശ്‌ചിമ ബംഗാളിലുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസ്-ഇടത് പാർട്ടികളാണെന്ന് കുറ്റപ്പെടുത്തി തൃണമൂൽ നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസുമായുള്ള ഉടക്കാണ് ബി.എസ്.പി നേതാവ് മായാവതിയെ ബഹിഷ‌്കരണത്തിന് പ്രേരിപ്പിച്ചത്. പൗരത്വ ഭോദഗതി ബില്ലിനെതിരെ പാർലമെന്റിൽ ഒപ്പം നിന്ന ഡി.എം.കെ തമിഴ്നാട്ടിൽ കോൺഗ്രസുമായുള്ള തർക്കങ്ങളുടെ പേരിൽ അകന്നു നിന്നു. മഹാരാഷ്ട്രയിൽ ഭരണമുന്നണിയിലുള്ള ശിവസേനയ്ക്ക് പുറമെ , സമാജ്‌വാദി പാർട്ടിയും ക്ഷണം ലഭിച്ചില്ലെന്ന കാരണമാണ് പറയുന്നത്.
ഡൽഹി തിരഞ്ഞെടുപ്പിൽ എതിർ പക്ഷത്തുള്ള കോൺഗ്രസുമായി കൂട്ടുകൂടുന്നത് രാഷ്‌ട്രീയമായി ദോഷം ചെയ്‌തേക്കുമെന്ന വിലയിരുത്തലാണ് ആംആദ്‌മി പാർട്ടിയുടെ പിൻമാറ്റത്തിന് പിന്നിൽ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻസിംഗ്, ഗുലാം നബി ആസാദ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചു. ശരത് പവാർ, പ്രഫുൽ പട്ടേൽ(എൻ.സി.പി), സീതാറാം യെച്ചൂരി(സി.പി.എം), ഡി. രാജ(സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി(മുസ്ളീം ലീഗ്), തോമസ് ചാഴിക്കാടൻ(കേരളാ കോൺഗ്രസ്), ജി. ദേവരാജൻ(ഫോർവേഡ് ബ്ളോക്ക്), ശരത് യാദവ്(ലോക്‌താന്ത്രിക് ദൾ), ഹേമന്ത് സോറൻ(ജാർഖണ്ഡ് മുക്തി മോർച്ച) എന്നിവരും ആർ.ജെ.ഡി,ആർ.എസ്.പി, എ.ഐ.യു.ഡി.എഫ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജെ.ഡി.എസ്, ആർ.എൽ.ഡി, ഹിന്ദുസ്ഥാനി അവാമി മോർച്ച,ആർ.എൽ.എസ്.പി, സ്വാഭിമാൻ പക്ഷ,വി.സി.കെ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. .
ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നു: പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധി, രൂക്ഷമായ തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം എന്നിവയ്ക്ക് പരിഹാരം കാണാതെ ജനങ്ങളെ വർഗീയമായി വേർതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാ ഉറപ്പുകളെയും കാറ്റിൽ പ്പറത്തുന്ന സർക്കാർ ജമ്മു കാശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം മനുഷ്യാവകാശ ലംഘനങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതാക്കി. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചർച്ചയില്ലാതെയാണ് ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. പാവപ്പെട്ടവരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും പുറത്താക്കാൻ ലക്ഷ്യമിടുന്ന സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവ ഭരണഘടനാ വിരുദ്ധമാണ്. അസമിൽ പരാജയപ്പെട്ട എൻ.ആർ.സി എൻ.പി.ആറിന്റെ മറപിടിച്ച് രഹസ്യമായി രാജ്യം മുഴുവൻ നടപ്പാക്കാനാണ് നീക്കം.
പ്രധാനമന്ത്രി മറുപടി പറയണം: രാഹുൽ
ഭരണ പരാജയം മറച്ചു പിടിക്കാൻ അക്രമം അഴിച്ചുവിടുന്ന പ്രധാനമന്ത്രി യുവജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. . പൊലീസ് അകമ്പടിയില്ലാതെ ഏതെങ്കിലും സർവകലാശാലയിൽ പോയി വിദ്യാർത്ഥികളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ്യയുംടെ പരാജയവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് പകരം ശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |