ന്യൂഡൽഹി: അറസ്റ്റിലായ ജമ്മു - കാശ്‌മീർ പൊലീസ് ഉദ്യോഗസ്ഥൻ ദാവിന്ദർ സിംഗ് സ്വന്തം വീട്ടിൽ ഉൾപ്പെടെ ഭീകരർക്ക് ഒളിത്താവളം ഒരുക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതിനിടെ, പുൽവാമ ആക്രമണത്തിൽ ഇയാൾ ഭീകരർക്ക് ഒത്താശ ചെയ്‌തതായും ആരോപണം ഉയർന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് ജമ്മുകാശ്‌മീരിലെ പുൽവാമയിൽ ഭീകരർ 44 സി.ആർ.പി.എഫ് ഭടന്മാരെ കൂട്ടക്കൊല ചെയ്‌തത്. ഈ സംഭവത്തിൽ ദാവിന്ദർ സിംഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടതാണ് വിവാദമായത്.
ആരോപണം സർക്കാർ നിഷേധിച്ചു. പുൽവാമ ഭീകരാക്രമണത്തിന് രണ്ട് മാസം മുൻപ് ദാവിന്ദർ സിംഗിനെ പുൽവാമയിൽ നിന്ന് ശ്രീനഗർ വിമാനത്താവളത്തിലെ ഡ്യൂട്ടിയിലേക്ക് മാറ്റിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണ് കനത്ത സുരക്ഷയിലുള്ള ദാവിന്ദർ സിംഗിന്റെ വീട്. ശനിയാഴ്ച ദാവിന്ദറിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ കമാൻഡർ നവീദ് ബാബു, ഇർഫാൻ ഷാഫി മിർ, റാഫി റാത്തർ എന്നീ ഭീകരരെ ഇവിടെയാണ് പാർപ്പിച്ചത്. ഇവരെ വെള്ളിയാഴ്ച ഷോപിയാനിൽ നിന്ന് ദാവിന്ദർ സിംഗ് വീട്ടിൽ എത്തിച്ചു. അന്നു രാത്രി ഭീകരരെ ഒപ്പം താമസിപ്പിച്ചു. ഈ വീടിന്റെ തൊട്ടടുത്താണ് സൈന്യത്തിന്റെ 15 കോർ ആസ്ഥാനം.
ശനിയാഴ്ച രാവിലെ ഭീകരരെ ഡൽഹിയിലേക്ക് കടത്താനാണ് ശ്രമിച്ചത്. പൊലീസ് ഓഫീസറെന്ന തന്റെ പദവി ഭീകരർക്ക് കവചമാക്കാനായിരുന്നു ശ്രമം.
കാശ്‌മീരിൽ സുരക്ഷാ സേന ശക്തമായപ്പോഴെല്ലാം ഭീകരർക്ക് ഒളിവിൽ താമസിക്കാൻ അഞ്ച് തവണ ദാവിന്ദർ സൗകര്യമൊരുക്കിയെന്നും വ്യക്തമായിട്ടുണ്ട്. നവീദ് ബാബുവിനെ പല സ്ഥലങ്ങളിലേക്കു സഞ്ചരിക്കാനും ദാവിന്ദർ സഹായിച്ചിരുന്നു. കഴിഞ്ഞ വർഷം നവീദിനെ ഇയാൾ ജമ്മുവിലേക്കു കൊണ്ടുപോയിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം കാശ്‌മീരിൽ പതിനൊന്ന് സിവിലിയൻമാരെ കൊലപ്പെടുത്തിയ ഹിസ്ബുൾ മുജാഹിദ്ദീന്റെ കൊടും ഭീകരനായ നവീദ് ബാബുവിന് അന്നും ഒളിച്ചു താമസിക്കാൻ ദവീന്ദർ സൗകര്യം ഒരുക്കിയിരുന്നു.
കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് ദാവിന്ദർ സിംഗിന്റെ ഭീകരബന്ധം അന്വേഷിക്കുന്നത്.
അതേസമയം, ദാവിന്ദർ സിംഗിന് രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ലെന്ന് ജമ്മു കാശ്‌മീർ പൊലീസ് ഇന്നലെ ട്വിറ്ററിൽ വെളിപ്പെടുത്തി. ഏറെക്കാലവും ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലായിരുന്നു ദാവിന്ദറിന്റെ സേവനം. 2017 ആഗസ്റ്റ് 25ന് പുൽവാമ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണം ചെറുക്കുന്നതിൽ പങ്കാളിയായിരുന്ന ദാവിന്ദർ സിംഗിന് സംസ്ഥാന സർക്കാരിന്റെ ധീരതാ മെഡലാണ് ലഭിച്ചിട്ടുള്ളതെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |