ജമ്മു: ഭീകരവാദികൾക്കൊപ്പം കാറിൽ ദവീന്ദർ സിംഗിനെ പിടികൂടിയതോടെ ഭീകരവാദികൾക്കെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇന്ത്യൻ സുരക്ഷാ സേനയും ജമ്മു കാശ്മീർ പൊലീസും. ഹിസ്‌ബുൾ ഭീകരനായ 'എ++' കാറ്റഗറി ഭീകരനായ ഹാറൂൺ വാനിയെയാണ് ഇന്ത്യൻ സുരക്ഷാ സേനയും ജമ്മു കാശ്മീർ പൊലീസും ചേർന്ന് വകവരുത്തിയത്. ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിലെ ഗോണ്ടാനയിൽ വച്ചാണ് വച്ചാണ് ഭീകരരും, സുരക്ഷാ സേനയും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കൂട്ടാളി സംഘർഷത്തിനിടയിൽ ഓടി രക്ഷപ്പെട്ടിരുന്നു.
താഴ്വരയുടെ മഞ്ഞ് മൂടിയ ഉയർന്ന ഭാഗത്തേക്കാണ് ഇയാൾ രക്ഷപ്പെട്ടതെന്നും തങ്ങൾ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കാശ്മീർ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരവാദിയിൽ നിന്നും എ.കെ 47നും, തിരകളും, റേഡിയോ സെറ്റും, ചൈനീസ് ഗ്രനേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഹിസ്‌ബുൾ മുജാഹിദീൻ ഭീകരരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റൊരാളെ കാശ്മീരിലെ പുൽവാമയിലെ അവന്തിപുരയിൽ ജെ ആൻഡ് കെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജില്ലയിലെ ട്രാൽ എന്ന സ്ഥലത്തെ ഗുൽസഹൻപൊരയിൽ നിന്നും വരുന്ന ജഹാംഗീർ അഹമ്മദ് പരയ് ആണ് പിടിയിലായത്.
കഴിഞ്ഞ സ്വതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ ജമ്മു- കാശ്‌മീരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദർ സിംഗ്, പിടികിട്ടാപ്പുള്ളികളായ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം ശനിയാഴ്‌ച അറസ്റ്റിലായിരുന്നു. ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തർ എന്നിവരോടൊപ്പം ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീനഗർ - ജമ്മു ഹൈവേയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് എ.കെ. 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |