ന്യൂഡൽഹി : മലേഷ്യയ്ക്ക് പിന്നാലെ തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങൾ കുറയ്ക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ നീങ്ങുന്നതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയിലടക്കം പാക് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനാലാണ് മലേഷ്യയും തുർക്കിയുമായുമുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. കാശ്മീർ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാക് ശ്രമത്തെ ഇന്ത്യ തുടക്കം മുതൽ എതിർത്തിരുന്നു. ഈ കാരണത്താൽ ആഭ്യന്തര കാര്യത്തിൽ മലേഷ്യയും തുർക്കിയും ഇടപെടുന്നു എന്ന രോഷമാണ് ഇന്ത്യയ്ക്കുള്ളത്. ഭരണഘടനയിലെ കാശ്മീരിനെ സംബന്ധിക്കുന്ന ആർട്ടിക്കിൾ 370 മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉയർത്താൻ പാകിസ്ഥാന് പിന്തുണ നൽകിയ മലേഷ്യ, തുർക്കി തീരുമാനത്തെ തുടർന്നാണ് ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞത്.
മലേഷ്യയിൽ നിന്നും പാമോയിൽ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ് ഇന്ത്യ ആദ്യം ചെയ്തത്. സർക്കാർ തലത്തിൽ നേരിട്ട് നടപടികളെടുത്തിരുന്നില്ലെങ്കിലും വ്യാപാരികളുടെ കൂട്ടായ്മയിലൂടെ മലേഷ്യയെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അടുത്തിടെ പൗരത്വ വിഷയത്തിലും മലേഷ്യ അഭിപ്രായ പ്രകടനം നടത്തിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാമോയിൽ ഇറക്കുമതി രംഗത്തുള്ള നിയന്ത്രണങ്ങൾക്കു പുറമെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മലേഷ്യയ്ക്ക് മേൽ സാമ്പത്തിക നിയന്ത്രണങ്ങൾ അനൗദ്യോഗികമായി നടപ്പിലായപ്പോഴും തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് ഉലച്ചിൽ സംഭവിച്ചിരുന്നില്ല. എന്നാൽ തുർക്കിയുമായി നാവിക സേനയ്ക്ക് വേണ്ടി കപ്പൽ നിർമ്മിക്കാൻ ഇന്ത്യ നൽകിയ കരാർ ഏകപക്ഷീയമായി പിൻവലിച്ചിരുന്നു. അതേസമയം തുർക്കിയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ മാദ്ധ്യമങ്ങളും ഈ വിവരം വാർത്തയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
2019 20 കാലയളവിൽ തുർക്കിയിൽ നിന്നും 2.4 ബില്യൺ ഡോളർ മൂല്യമുള്ള വസ്തുക്കളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ സിംഹഭാഗവും എണ്ണയ്ക്ക് വേണ്ടിയാണ് രാജ്യം ചെലവിട്ടത്. അതേ സമയം മലേഷ്യയുമായുള്ള വ്യാപാരബന്ധം 17 ബില്യൺ ഡോളറിന്റേതാണ്. പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പാമോയിൽ കയറ്റുമതിയ്ക്കായി മലേഷ്യ മറ്റു ഏഷ്യൻ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. മലേഷ്യയെ ഒഴിവാക്കി ഇന്ത്യോനേഷ്യയിൽ നിന്നും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുവാനാണ് ഇപ്പോൾ ഇന്ത്യ ആലോചിക്കുന്നത്. രാജ്യതാത്പര്യത്തെ അന്താരാഷ്ട്ര വേദിയിൽ എതിർക്കുന്ന രാഷ്ട്രങ്ങൾക്കു മേൽ സാമ്പത്തിക നിയന്ത്രണം പോലുള്ള അമേരിക്കൻ ശൈലി ഇന്ത്യയും സ്വീകരിക്കുന്നതാണ് വിദേശ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |