റായ് ബറേലി: സ്വന്തം ഭാര്യയെ വെട്ടി നുറുക്കിയ ശേഷം, ശരീര ഭാഗങ്ങൾ കത്തിച്ച് ചാരമാക്കി പുറന്തള്ളി ഭർത്താവ്. ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 35കാരനായ രവീന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ തന്റെ ഭാര്യയെ ഊർമിളയെ കൊല ചെയ്യുന്നത് കണ്ടുകൊണ്ട് ആ വിവരം ഊർമിളയുടെ അമ്മയെ അറിയിച്ചത് രവീന്ദ്രറിന്റെ മൂത്ത മകളാണ്. കുട്ടി നൽകിയ വിവരം അനുസരിച്ച് ഊർമിളയുടെ സഹോദരി നൽകിയ പരാതിയനുസരിച്ച് പൊലീസ് ഇയാളെയും ഇയാളുടെ അച്ഛനെയും, സഹോദരന്മാരെയും പിടികൂടിയിട്ടുണ്ട്. ഇവർക്കുകൂടി തന്റെ അമ്മയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് മകൾ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തത്.
ഊർമിളയെ കൊല ചെയ്ത ശേഷം രവീന്ദ്ര ശരീരം കഷ്ണങ്ങളായി വെട്ടി നുറുക്കുകയും അത് കത്തിക്കുകയും തുടർന്ന് ബാക്കി വന്ന ശരീരഭാഗങ്ങളും ചാരവും റായ് ബറേലിയുടെ പ്രാന്ത പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ രവീന്ദ്ര കുറ്റം സമ്മതിച്ചിട്ടുണ്ട്. താൻ പെട്ടെന്നുവന്ന ദേഷ്യത്തിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിനുറുക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഒരു മില്ലിലെ യന്ത്രത്തിലാണ് ഇയാൾ സ്വന്തം ഭാര്യയുടെ ജീവനറ്റ ശരീരം ചതച്ചരച്ചത്.
ശേഷം കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി തന്റെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ അപ്പുറത്തുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സംശയത്തിന് ഇട നൽകാതിരിക്കാൻ ഇയാൾ പൊലീസിനെ വിളിച്ച് തന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി പറയുകയും ചെയ്തു. രണ്ട് പെൺകുട്ടികൾ മക്കളായി ഉണ്ടായിരുന്ന ഇയാൾക്ക് മൂന്നാമതായി ഒരു ആൺകുട്ടി വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. മൂന്നാമതും പെൺകുട്ടിയാണ് ജനിക്കാൻ പോകുന്നതെന്ന സംശയം ഉണ്ടായതിനാലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ തുനിഞ്ഞതെന്ന് യു.പി പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |