വൈശാലി: ബീഹാറിൽ ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ.
'ബീഹാറിൽ അടുത്ത തിരഞ്ഞെടുപ്പിനെ നിതീഷ് കുമാർജിയുടെ നേതൃത്വത്തിൽ തന്നെ നേരിടും. ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ കിംവദന്തികൾക്കും ഇതോടെ വിരാമമിടുകയാണ്. ഈ രാജ്യം നരേന്ദ്രമോദിയുടെ നേതൃത്വത്തിലും സംസ്ഥാനം നിധീഷ്‌കുമാറിന്റെ നേതൃത്വത്തിലും പുരോഗതി നേടും'- അമിത് ഷാ പറഞ്ഞു. ബിഹാറിലെ വൈശാലിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ എൻ.ഡി.എക്കുള്ളിൽ തർക്കം രൂക്ഷമാണെന്നും ജെ.ഡി.യുവും ബി.ജെ.പിയും വഴിപിരിയുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചതിനെച്ചൊല്ലി ജെ.ഡി.യുവിൽ അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു. ജെ.ഡി.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള വിഭാഗം പൗരത്വനിയമത്തിനെതിരാണ്. ഇതിനിടെ സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ ജെ.ഡി.യുവിന്റെ പ്രാതിനിധ്യം സംബന്ധിച്ചും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും അമിത് ഷാ രംഗത്തെത്തി. രാഹുലും ലാലുപ്രസാദും മമതയും കേജ്‌രിവാളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മുസ്ലിം സഹോദരങ്ങളോട് പൗരത്വനിയമ ഭേദഗതി എന്താണെന്ന് പറഞ്ഞുതരുന്നതിനാണ് താൻ ഇവിടെ എത്തിയതെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |