തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളോട് സഹകരിക്കരുതെന്ന് ജനങ്ങളെ നേരിൽക്കണ്ട് ബോധിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം. വീടുകളിലെത്തുന്ന എന്യുമറേറ്റർമാർ സെൻസസുമായും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായും ബന്ധപ്പെട്ട ചോദ്യങ്ങളുന്നയിക്കുമ്പോൾ സെൻസസിന്റെ ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം നൽകാവൂ എന്നാണ് ആഹ്വാനം.
പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും മുന്നൊരുക്കമായാണ് ജനസംഖ്യാ രജിസ്റ്റർ. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. ഇതിനായി ഭഗത് സിംഗ് രക്തസാക്ഷിദിനമായ മാർച്ച് 23 വരെ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തും.
പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിൽ സജീവപങ്കാളിത്തം വഹിക്കാനും മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിന് സഹകരിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തെപ്പറ്റി അവരോട് ചോദിക്കണം. ചില പ്രത്യേക കാരണങ്ങളാൽ ഡൽഹിയിലെ പ്രതിപക്ഷപാർട്ടികളുടെ സംയുക്തയോഗത്തിൽ നിന്ന് ചിലരെല്ലാം വിട്ടുനിന്നു. എല്ലാവരും യോജിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. ഇല്ലെങ്കിൽ ഭരണഘടനയും രാജ്യത്തിന്റെ അസ്തിത്വവും ഇല്ലാതാകും. പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അവിടങ്ങളിൽ ജനസംഖ്യാ രജിസ്റ്റർ നടപടികളും നിറുത്തിവയ്ക്കണം.
പ്രതിപക്ഷപാർട്ടികളുടെ സംയുക്തയോഗത്തിലെ തീരുമാനപ്രകാരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം
( 23), റിപ്പബ്ലിക് ദിനം (26), ഗാന്ധിജിയുടെ രക്തസാക്ഷി ദിനം (30) എന്നിിവ ആചരിക്കും. പൗരത്വഭേദഗതി വിഷയത്തിൽ വ്യക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള, പഞ്ചാബ് സർക്കാരുകളുടെ മാതൃക മറ്റ് ബി.ജെ.പിയിതര സംസ്ഥാനങ്ങളും പിന്തുടരണം. സംസ്ഥാനങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിക്കണം. പ്രക്ഷോഭകരോട് പ്രതികാരം വീട്ടാനുള്ള യു.പി മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് അവിടത്തെ പൊലീസ് അതിക്രമങ്ങൾക്ക് പ്രചോദനമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദനും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |