
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാനൂരിൽ നടന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ. പരാജയപ്പെട്ടതിന് പിന്നാലെ സി.പി.എം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അദ്ധ്യാപകനെയും യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ചു. പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം കൊണ്ട് കോൺഗ്രസിനെയോ യു.ഡി.എഫിനെയോ തകർക്കാമെന്ന് കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സി.പി.എം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോൾ മാറിയെന്നും സതീശൻ പറഞ്ഞു. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |