100 ശതമാനം റിബേറ്റ് പരിധിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും
കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ വ്യക്തിഗത ആദായ നികുതി നിരക്കുകൾ കുറച്ചേക്കുമെന്ന സൂചന ശക്തമാണ്. നികുതി സ്ളാബുകളിലും സമഗ്ര മാറ്റം പ്രതീക്ഷിക്കുന്നവരുണ്ട്.
നിലവിൽ രണ്ടരലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാദ്ധ്യതയില്ല. രണ്ടരലക്ഷത്തിനുമേൽ അഞ്ചുലക്ഷം രൂപവരെ വരുമാനക്കാർക്ക് അഞ്ചു ശതമാനം നികുതിയുണ്ട്. എന്നാൽ, ഇവരെ 100 ശതമാനം റിബേറ്റിലൂടെ നികുതി ബാദ്ധ്യതയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബഡ്‌ജറ്രിൽ ഏഴുലക്ഷം രൂപവരെയുള്ളവരെയും ഈ സ്ളാബിൽ ഉൾപ്പെടുത്തിയേക്കും.
അതായത്, നിലവിൽ അഞ്ചുലക്ഷം മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവർ 20 ശതമാനം നികുതി നൽകണം. പുതിയ ബഡ്‌ജറ്റിൽ, ഇതിലെ ഏഴുലക്ഷം രൂപവരെ വരുമാനമുള്ളവരെയും 5% സ്ളാബിലേക്ക് മാറ്റും. ഇത്, ഒട്ടേറെ ഇടത്തരം വരുമാനക്കാർക്ക് നേട്ടമാകും. ഒരുപക്ഷേ, 100 ശതമാനം റിബേറ്റും അനുവദിച്ചാൽ സമ്പൂർണ നികുതി ഇളവും ഇവർക്ക് ലഭിച്ചേക്കാം.
പ്രതീക്ഷിക്കുന്ന മാറ്റവും
നികുതി ഇളവും
നിലവിലെ സ്ലാബ്
(വാർഷിക വരുമാനവും നികുതിയും)
₹0-₹ 2.5ലക്ഷം : 0%
₹2.5-₹5 ലക്ഷം : 5%
₹5-₹10 ലക്ഷം : 20%
₹10 ലക്ഷം+ : 30%
പുതിയ പ്രതീക്ഷ
₹0-₹ 2.5ലക്ഷം : 0%
₹2.5-₹7 ലക്ഷം : 5%
₹7-₹10 ലക്ഷം : 10%
₹10-₹20 ലക്ഷം : 20%
₹20-₹10 കോടി : 30%
₹10 കോടി+ : 35%
വലിയ നേട്ടം
പുതിയ സ്ളാബ് പ്രതീക്ഷ യാഥാർത്ഥ്യമായാൽ നികുതിദായകനെ കാത്തിരിക്കുന്നത് വലിയ നേട്ടമാണ്. ഉദാഹരണത്തിന്:
10 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾക്ക് 60,000 രൂപ ലാഭിക്കാം
20 ലക്ഷം രൂപ വരുമാനമുള്ളയാൾക്കുണ്ടാകുന്ന നേട്ടം 1.6 ലക്ഷം രൂപയാണ്.
വിപണിക്ക് കരുത്ത്
റിബേറ്രും കുറഞ്ഞ നികുതി ബാദ്ധ്യതയും ജനങ്ങളുടെ കീശയിൽ പണം നിറയാൻ വഴിയൊരുക്കും. ഇത്, ഉപഭോഗ വർദ്ധനയ്ക്കും ഉപഭോക്തൃ വിപണിയുടെ നേട്ടത്തിനും സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |