തിരുവനന്തപുരം : പാർലമെന്റിലെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പുറമേ കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനും കേരള സർക്കാർ തീരുമാനിച്ചു. കേരള സർക്കാർ മുൻകൈ എടുത്ത ഈ രണ്ട് തീരുമാനങ്ങളും ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സംസ്ഥാനത്തെ ബി.ജെ.പി ഘടകം കൈക്കൊണ്ടത്. കേരള ഗവർണറും ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായി പരസ്യമായി സംവാദത്തിൽ ഏർപ്പെട്ടതും വിവാദം സൃഷ്ടിച്ചിരുന്നു.
അതേ സമയം നിയമസഭയിൽ പൗരത്വ നിയമത്തിനെതിരെ നിയമം പാസാക്കിയപ്പോൾ വോട്ടെടുപ്പ് ആവശ്യപ്പെടാത്ത ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാലിന്റെ നടപടിയും ഏറെ ചർച്ചയായിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല അദ്ദേഹത്തിന് ഈ വിഷയത്തിലുള്ളത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഈ വിഷയങ്ങളിൽ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഒ. രാജഗോപാൽ വ്യക്തമാക്കുന്നത്. നിയമസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുമിച്ച് പ്രമേയം പാസാക്കിയത് ഞങ്ങളാണ് മുസ്ലിങ്ങളുടെ സംരക്ഷകർ എന്ന് പ്രഖ്യാപിച്ച് വോട്ട് ബാങ്കുറപ്പിക്കാനുള്ള തന്ത്രം മൂലമാണ്. ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി നടത്തുന്ന ഒരു ശ്രമമാണിത്. അതല്ലാതെ മതവിവേചനമുണ്ടാക്കുന്നതാണ് പൗരത്വ നിയമെന്നത് തെറ്റായ അഭിപ്രായമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് സംസ്ഥാനത്തിന് വിലക്കൊന്നുമില്ല, അതിനുള്ള അവകാശവുമുണ്ട്. പക്ഷേ അവിടെ നിന്നും വേണ്ടത് സർക്കാരിന് കിട്ടുമെന്നും ഒ. രാജഗോപാൽ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സംസ്ഥാന സർക്കാരുമായി ഗവർണർ പരസ്യമായി വിവാദത്തിലേർപ്പെടുന്ന സംഭവത്തിൽ സ്വന്തം പാർട്ടിയുടെ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ഒ. രാജഗോപാലിനുള്ളത്. നടപടി എടുക്കാനൊന്നും ഗവർണർക്ക് അവകാശമില്ല, ഭരണഘടനാ വ്യവസ്ഥ നടപ്പാക്കാൻ ചുമതലപ്പെട്ടയാളാണ് അദ്ദേഹം. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഭരണത്തലവൻമാർ തമ്മിൽ തർക്കമുണ്ടാവരുത്. സംയമനം എന്നത് മുഖ്യമന്ത്രിക്കും ഗവർണർക്കും ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറയുന്നു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭ ചർച്ച ചെയ്തപ്പോൾ വോട്ടെടുപ്പില്ലാതെ പ്രമേയം പാസാക്കാൻ അവസരമൊരുക്കിയതിനെ കുറിച്ച് ഒ. രാജഗോപാലിന് പറയാനുള്ളത് തന്റെ വോട്ടിന് എന്താണ് പ്രസക്തിയെന്നാണ്. ഒരു വോട്ടുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. തനിക്ക് പറയുവാനുള്ളത് തുറന്ന് പറഞ്ഞിരുന്നു. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് പാർട്ടി മുൻകൂട്ടി നിർദ്ദേശിച്ചിട്ടുമില്ലായിരുന്നുവെന്നും ഒ.രാജഗോപാൽ തുറന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |