SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.28 PM IST

ചരിത്ര വിജയം സുവർണലിപിയിൽ കുറിക്കണം; തിരുവനന്തപുരം മേയർക്ക് നരേന്ദ്രമോദിയുടെ കത്ത്

Increase Font Size Decrease Font Size Print Page
pm-modi-and-vv-rajesh

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണത്തിൽ ബിജെപി നേടിയ ചരിത്ര വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയറായ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാനാഥിനെയുമാണ് പ്രധാനമന്ത്രി കത്തിലൂടെ അഭിനന്ദിച്ചത്. എൻഡിഎയുടെ ആശയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് തലസ്ഥാനത്ത് ഉണ്ടായതെന്നും 2026ന്റെ തുടക്കത്തിൽ തിരുവനന്തപുരത്തിന്റെ മണ്ണിൽ പുതിയൊരു ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ഇരുവർക്കും അയച്ച കത്തിൽ പ്രധാനമന്ത്രി കുറിച്ചു.


'സംസ്ഥാന രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിന്നിരുന്ന എൽഡിഎഫ് യുഡിഎഫ് ആധിപത്യം തിരുവനന്തപുരത്തെ ജനങ്ങൾ അവസാനിപ്പിച്ചു. കേരളത്തിലെ ധാർമികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്‌കാരമാണ് എൽഡിഎഫും യുഡിഎഫും വളർത്തിയെടുത്തത്. ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളുമായി അഭിനയിക്കുന്ന ഇടത് വലത് മുന്നണികളുടെ ഒത്തുകളിക്ക് അന്ത്യമാവുകയാണ്. വികസിത തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാടിനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു'. മോദി കത്തിൽ വ്യക്തമാക്കി.


കേരളത്തിലെ ബിജെപി പ്രവർത്തകർ നേരിട്ട അക്രമങ്ങളെയും വെല്ലുവിളികളെയും അനുസ്മരിച്ച പ്രധാനമന്ത്രി, ഈ വിജയം സുവർണ്ണലിപിയിൽ കുറിക്കപ്പെടേണ്ടതാണെന്നും കൂട്ടിച്ചേർത്തു. നവോത്ഥാന നായകന്മാരായ അയ്യങ്കാളി, ശ്രീനാരയണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരുടെ ആശയങ്ങൾ പറഞ്ഞു കൊണ്ടാണ് മോദി കത്ത് അവസാനിപ്പിച്ചത്. മേയർ തന്നെയാണ് പ്രധാനമന്ത്രിയുടെ അനുമോദന കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോദിയുടെ പുതുവത്സര സമ്മാനമാണ് കത്തിലൂടെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡ് കൗൺസിലറുമായ വിവി രാജേഷ് ഡിസംബർ 26നാണ് മേയറായി അധികാരമേറ്റത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ ഒരു കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്.

TAGS: VV RAJESH, ASHANATH, BJP, NDA, MAYOR, DEPUTY MAYOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY