ന്യൂഡൽഹി: അനന്തമായി ഹർജികൾ നൽകി പ്രതികൾ വധശിക്ഷ വൈകിപ്പിക്കുമ്പോൾ ഇരകളുടെ അവകാശത്തിലും സുപ്രീംകോടതി ശ്രദ്ധിക്കണമെന്ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വാക്കാൽ പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നതിന് ഇരകളുടെ അവകാശങ്ങൾക്ക് മുൻതൂക്കമുള്ള മാനദന്ധങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ ഇന്നലെ, ഉത്തർപ്രദേശിലെ അംറോഹയിൽ ഏഴുപേരെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കമിതാക്കളായ സലീം, ഷബ്‌നം എന്നിവരുടെ റിവ്യൂഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പ്രതികരണം.
വധശിക്ഷ അന്തിമമായി നടപ്പാക്കേണ്ടതാണെന്നത് വളരെ പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വധശിക്ഷ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന ധാരണ കുറ്റവാളികൾക്ക് ഉണ്ടാവരുത്. ഒരു പ്രതിക്ക് അനന്തമായി പോരാടിക്കൊണ്ടിരിക്കാനാവില്ല - ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെ നിർഭയ കൂട്ടമാനഭംഗകേസിലെ പ്രതികൾ ഹർജികളുമായി കോടതികളെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന വിമർശനം ശക്തമായിരിക്കെയാണ് ചീഫ്ജസ്റ്റിന്റെ പ്രതികരണം.
എല്ലാ കുറ്റവാളികളിലും നന്മയുള്ള ഹൃദയമുണ്ടാകാം. എന്നാൽ അവർ ചെയ്ത കുറ്റവും പരിഗണിക്കണം. ഒരു കാരണവുമില്ലാതെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരുടെ ജീവനെടുത്ത പ്രതികളുടെ ജീവിതത്തിന് മാത്രം പ്രധാന്യവും ശ്രദ്ധയും നൽകാനാവില്ല. ജയിലിലെ പ്രതികളുടെ നല്ല പെരുമാറ്റം വധശിക്ഷ ഇളവ് ചെയ്യാനുള്ള കാരണമായി പരിഗണിക്കാനാകുമോയെന്നും മൂന്നംഗ ബെഞ്ച് ചോദിച്ചു. കേസ് വിധി പറയാൻ മാറ്റി.
അംറോഹ കേസ്
വിവാഹത്തെ വീട്ടുകാർ എതിർത്തപ്പോൾ സലീമും ഷബ്‌നവും 2008ൽ ഷബ്‌നത്തിന്റെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ടവരിൽ സഹോദരിയുടെ പത്തുമാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു. 2010ൽ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ പ്രതികൾക്ക് നിയമപരമായ മാർഗങ്ങൾ ബാക്കി നിൽക്കെ മജിസ്‌ട്രേട്ട് തിടുക്കത്തിൽ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി 2015ൽ വിധി നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |