ന്യൂഡൽഹി: അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നിർഭയ കേസിലെ പ്രതികൾ. വധശിക്ഷ നടപ്പാക്കും മുൻപ് അവസാനമായി ഏതെങ്കിലും കുടുംബാംഗങ്ങളെ കാണുന്നതിനെക്കുറിച്ചും സ്വത്തുക്കളുടെ വിൽപ്പത്രം തയാറാക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപത എന്നിവർ ഇതുവരെ ഒരു മറുപടിയും നൽകിയിട്ടില്ലെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് വിധി നടപ്പാക്കും മുൻപായി അവസാനമായി കുടുംബാംഗങ്ങളെ കാണാനും മറ്റും നിയമം അനുവദിക്കുന്നുണ്ട്. ഏത് സമയത്ത് കൂടിക്കാഴ്ച നടത്തണമെന്നതും പ്രതികൾക്ക് തീരുമാനിക്കാം.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് പുതിയ മരണവാറണ്ട്. മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികൾ ഇതുവരെ ദയാഹർജി നൽകിയിട്ടില്ല.
വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിൽ, വധശിക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ജഡ്ജിന് സ്ഥലംമാറ്റം
നിർഭയ പ്രതികൾക്കെതിരെ മരണവാറൻഡ് പുറപ്പെടുവിച്ച അഡിഷണൽ സെഷൻസ് ജഡ്ജ് സതിഷ്‌കുമാർ അറോറയെ സുപ്രീംകോടതി അഡിഷണൽ രജിസ്ട്രാർ ആയി സ്ഥലംമാറ്റി. ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തേക്കാണ് നിയമനം. നിർഭയ കേസുൾപ്പെടെയുള്ളവ പുതിയ ജഡ്ജിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |