തിരുവനന്തപുരം: പാർട്ടിയിൽ സമ്പൂർണ അച്ചടക്കം ഉറപ്പാക്കുന്നതിന് കെ.പി.സി.സിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്നും, പോഷക സംഘടനകളുടെ പുനഃസംഘടനയും ഉടൻ നടത്തുമെന്നും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറിമാർക്ക് താമസിയാതെ ജില്ലകളുടെ ചുമതല വിഭജിച്ചു നൽകുമെന്നും പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണരേഖയ്ക്കപ്പുറത്തേക്ക് എത്ര ഉന്നതനായാലും പോകാനനുവദിക്കില്ല. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുക അനായാസമല്ല. തീരുമാനം അല്പം നീണ്ടുപോയത് അതിനാലാണ്. മുമ്പും സ്ഥാനാർത്ഥി നിർണയത്തിലടക്കം ഇതുപോലുള്ള സ്ഥിതിയുണ്ടായിട്ടുണ്ട്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നീ വെല്ലുവിളികൾ കാര്യക്ഷമമായി നേരിട്ട് വിജയമുറപ്പാക്കുകയാണ് ലക്ഷ്യം. രാജ്യവും സംസ്ഥാനവും അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനപക്ഷത്ത് നിന്ന് പോരാടുകയാണ് കെ.പി.സി.സിയുടെ ദൗത്യം. പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 30ന് യു.ഡി.എഫ് നടത്തുന്ന മനുഷ്യഭൂപടത്തിൽ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവപ്രവർത്തനം നടത്തും.വയനാട് എം.പിയായ രാഹുൽഗാന്ധിയുടെ ലോംഗ് മാർച്ചും 30ന് നടക്കും.പൗരത്വഭേദഗതി നിയമത്തിനെതിരെ ഫലപ്രദമായ സമരം നയിച്ചത് കോൺഗ്രസാണ്.
സോഷ്യൽ മീഡിയയുടെ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. ചുമതലയേല്പിച്ച ശശി തരൂർ വേറെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ കാരണം പറ്റില്ലെന്നറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയെ ദുരുപയോഗപ്പെടുത്താൻ ആരെയും അനുവദിക്കില്ല. നേതാക്കളെയും പ്രവർത്തകരെയും ഇകഴ്ത്തിക്കാട്ടാനല്ല സോഷ്യൽമീഡിയ. താൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള 16 മാസത്തിനിടെ പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകർക്ക് പൂർണ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
സ്ത്രീപ്രാതിനിദ്ധ്യം
കുറഞ്ഞത് പോരായ്മ
കെ.പി.സി.സി പുനഃസംഘടനയിൽ സ്ത്രീകൾക്ക് കുറേക്കൂടി പ്രാതിനിദ്ധ്യം കൊടുക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. യുവാക്കൾ, വനിതകൾ, ദളിത്, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണമെന്നതാണ് തന്റെ നിലപാട്. സെക്രട്ടറിമാരുടെ പുനഃസംഘടനയിലും ഇതേ നിലപാടാണ്. കോൺഗ്രസ് അദ്ധ്യക്ഷയുടെ മാർഗനിർദ്ദേശവും ഇതാണ്. ജനപ്രതിനിധികളെ ഒഴിവാക്കിയപ്പോൾ രണ്ട് എം.പിമാർ വർക്കിംഗ് പ്രസിഡന്റുമാരായി തുടരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ,,അവരെ നിയമിച്ചത് എ.ഐ.സി.സിയാണെന്നായിരുന്നു മറുപടി. കെ.പി.സി.സി പുനഃസംഘടനയിൽ മികച്ച ടീമിനെ കണ്ടെത്താനായതിൽ അഭിമാനമുണ്ട്. പരിചയസമ്പത്തും യുവത്വവുമാണ് ടീമിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |