ന്യൂഡൽഹി: ജയിലിൽ വച്ച് തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വാദവുമായി നിർഭയ കേസിലെ പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിഭാഷക പുതിയ വാദവുമായി രംഗത്തെത്തിയത്. അതേസമയം രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ് സിങ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും.
വധശിക്ഷ മാത്രമാണ് കോടതി തനിക്ക് വിധിച്ചതെന്നും എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാനും വിധിച്ചിരുന്നോ എന്നും ഇയാൾചോദിച്ചു. ഏത് സാഹചര്യത്തിലാണ് ദയാഹർജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്റെ അഭിഭാഷക കോടതിയിൽ പറഞ്ഞു. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. അതേസമയം മുകേഷ് സിംഗിന്റെ സഹോദരൻ രാംസിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു.
പ്രതി ഉന്നയിച്ച വാദങ്ങൾ ഒരിക്കലും ദയാഹർജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാര്‍ മേത്തയുടെ വാദം. ജയിലില്‍ ഉപദ്രവം നേരിട്ടെന്നത് സത്യമായാലും അത് ഒരിക്കലും ശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി ഒന്നിനാണ് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |