കേരള നിയമസഭയെ അവഹേളിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ചട്ടം 130 പ്രകാരം പ്രതിപക്ഷം നൽകിയ നോട്ടീസ് കാര്യോപദേശക സമിതിയിൽ സർക്കാർ എതിർത്തതു കാരണം നിരാകരിക്കപ്പെട്ടിരിക്കുകയാണ്. ഈ പ്രമേയം ചർച്ച ചെയ്തിരുന്നെങ്കിൽ അത് രാജ്യത്തിന് കേരളം നൽകുന്ന വലിയ സന്ദേശമാകുമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിന്റെ പേരിലാണ് ഗവർണർ സഭയുടെ അധികാര അവകാശങ്ങളെ ഹനിക്കുകയും സഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുകയും ചെയ്തത്. ആ ഗവർണറെ തിരിച്ചു വിളിക്കണമെന്നാണ് പ്രതിപക്ഷം പ്രമേയം കൊണ്ടു വന്നത്. യഥാർത്ഥത്തിൽ സഭയുടെ നാഥനായ മുഖ്യമന്ത്രി കൊണ്ടു വരേണ്ടതായിരുന്നു ഈ പ്രമേയം. അദ്ദേഹം അതിന് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാൻ അതിന് നോട്ടീസ് കൊടുത്തത്. അതിനെയാണ് സർക്കാർ അട്ടിമറിച്ചത്.
എന്തിന് ഗവർണറെ തിരിച്ച് വിളിക്കണം?
ഗവർണർ സംസ്ഥാനത്തിന്റെ ഭരണത്തലവൻ ആണെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 153,154,155 തുടങ്ങിയവ വ്യക്തമാക്കുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ 2019 ഡിസംബർ 31 ന് കേരള നിയമസഭ ഏകകണ്ഠേനെ ഒരു പ്രമേയം പാസാക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ മുന്നോട്ട് വച്ച നിർദേശം മുഖ്യമന്ത്രിയുൾപ്പെടയുള്ളവർ അംഗീകരിച്ചാണ് ഇത്തരത്തിൽ ഒരു പ്രമേയം അവതരിപ്പിച്ചതും അംഗീകരിച്ചതും.
എന്നാൽ നിയമസഭയുടെയും, കേരളത്തിലെ ജനങ്ങളുടെയും ഈ വികാരപ്രതിഫലനത്തെ സംസ്ഥാനമൊട്ടുക്കും നടന്ന് അവഹേളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. കേരള നിയമസഭ പാസാക്കിയ ഈ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പാസ്സാക്കുക വഴി സഭയുടെ സമയവും ജനങ്ങളുടെ നികുതിപ്പണവും അപഹരിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹം പരിഹസിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ ജാതിമത ഭേദമന്യേ എല്ലാവരും എതിർക്കുകയാണ്. ആ ജനവികാരമാണ് സംയുക്ത പ്രമേയത്തിലൂടെ സഭയിൽ കണ്ടത്. ആ വികാരത്തെ വൃണപ്പെടുത്തുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്തതു കൊണ്ടാണ് ഗവർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനായി നോട്ടീസ് കൊടുത്തത്.
സർക്കാരിന്റെ കള്ളക്കളി
ഗവർണറെ തിരിച്ചു വിളിക്കുന്ന പ്രമേയം അനുവദിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും കള്ളക്കളിയാണ് നടത്തിയത്. പൗരത്വ ബില്ലിനെതിരെ പ്രമേയം അവതിപ്പരിപ്പിക്കണമെന്ന് പ്രതിപക്ഷ നിർദേശം അംഗീകരിക്കാമെങ്കിൽ അതേ കാര്യത്തിൽ സഭയെ വിമർശിച്ച ഗവർണറെ മടക്കി വിളിക്കണമെന്ന പ്രമയേത്തിനെതിരെ നിഷേധ നിലപാട് എന്ത് കൊണ്ട് മുഖ്യമന്ത്രി സ്വീകരിച്ചു എന്നത് വിചിത്രമാണ്. ഗവർണർക്കെതിരെ ചന്ദ്രഹാസമിളക്കി ആദ്യം രംഗത്ത് വന്ന മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവുമായി പ്രതിപക്ഷം രംഗത്തു വപ്പോൾ ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ ഗവർണറുടെ മുന്നിൽ വിനീത വിധേയരാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും സി.പി.എം നേതൃത്വവുമെല്ലാം. തനിക്ക് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി തന്നോട് അഭ്യർത്ഥിച്ചത് കൊണ്ട് നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെയുളള പൗരത്വ നിയമം സംബന്ധിച്ച ഭാഗം വായിക്കുന്നുവെന്നാണ് നിയമസഭയിൽ ഗവർണർ പറഞ്ഞത്. പുറമെയ്ക്ക് യുദ്ധം ചെയ്യുന്നതായി നടിക്കുന്ന ഇവർ തമ്മിലുള്ള ഐക്യമാണ് ഇതിലൂടെ വെളിവാകുന്നത്.
ഇ.എം.എസിന്റെ നിലപാട് നിരാകരിച്ച് പിണറായി
പ്രമേയം നിരാകരിക്കാൻ കാര്യോപദേശക സമിതിയിൽ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ പറഞ്ഞ നാല് കാരണങ്ങളും നിലനിൽക്കുന്നതല്ല. പ്രമേയം സ്പീക്കർ സ്വീകരിച്ചിട്ടില്ലെന്നതായിരുന്നു ആദ്യത്തെ കാരണം. അത് ശരിയല്ല. പ്രമേയം ക്രമപ്രകാരമാണെന്ന് സ്പീക്കർ നേരത്തെ പറയുകയും അത് ബുള്ളറ്റിനിൽ പബ്ളിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ അനുവദിച്ചതു കൊണ്ടാണ് പ്രമേയം കാര്യോപദേശക സമതിയുടെ പരിഗണനയ്ക്ക് എത്തിയത് തന്നെ.
ഗവർണർക്കെതിരായ പ്രമേയം സഭയിൽ കൊണ്ടു വരുന്നതിന് കീഴ് വഴക്കമില്ല എന്നതായിരുന്നു മന്ത്രി എ.കെ.ബാലൻ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ കാരണം. അതും ശരിയല്ല. കേരള നിയമസഭയിൽ തന്നെ ഗവർണർക്കെതിരായ പ്രമേയങ്ങൾ പാസ്സാക്കിയിട്ടുണ്ട്. മുമ്പ് ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുപ്പോൾ ബംഗാൾ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.. ഇ.എം.എസിന്റെ മാതൃക പിണറായി എന്തു കൊണ്ടു തള്ളുന്നു?
തമിഴ്നാട്ടിൽ 1995 ൽ ജയലളിത മുഖ്യമന്ത്രിയായിരുപ്പോൾ അവിടത്തെ ഗവർണർ ചെല്ലറെഡ്ഡിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആ നിയമസഭ പാസ്സാക്കിയിട്ടുണ്ട്.
കേരളത്തിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ രാംദുലാരി സിൻഹ ചാൻസർ എന്ന നിലയിൽ കൈക്കൊണ്ട നടപടിക്കെതിരായി ഭരണകക്ഷിയിൽ നിന്ന് ഒ. ഭരതൻ കൊണ്ടുവന്ന സഭയുടെ അതൃപ്തി രേഖപ്പെടുത്തുന്ന പ്രമേയം ചർച്ച ചെയ്തു പാസ്സാക്കിിയിട്ടുണ്ട്. അന്ന് സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ ഗവർണർക്ക് എതിരെ അതൃപ്തി രേഖപ്പെടുത്താൻ മാത്രമല്ല ഗവർണറെ തിരികെ വിളിക്കണമെന്നുള്ള പ്രമേയം പാസ്സാക്കാനും നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് റൂളിംഗ് നൽകിയിരുന്നു.
മൂന്നാമതായി പാർലമെന്ററികാര്യ മന്ത്രി പറഞ്ഞത് ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയാൽ അത് ഗവർണ്ണർക്ക് മഹത്വം ഉണ്ടാക്കും എന്നാണ്. എത്ര ആലോചിച്ചിട്ടും അതെങ്ങനെ എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
നാലാമതായി മന്ത്രി ബാലൻ പറഞ്ഞത് പ്രമേയം ചർച്ച ചെയ്യാൻ സഭയുടെ മുന്നിൽ സമയമില്ല എന്നതാണ്. അതും ശരിയല്ല. ഒരു ബില്ല് പാസ്സാകാൻവേണ്ടി ഉച്ചയ്ക്കുശേഷം ഇരിക്കാൻ തയ്യാറായവരാണ് പ്രതിപക്ഷം. വേണമെങ്കിൽ ഇത് ചർച്ച ചെയ്യാൻ ഉച്ചതിരിഞ്ഞ് വീണ്ടും ഇരിക്കാമെന്നും പറഞ്ഞു. അതും സമ്മതിച്ചില്ല.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരുമായുള്ള സി പി എമ്മിന്റെ ഒത്ത് കളി തന്നെയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പിണറായിയുടെയും സി പി എമ്മിന്റെയും സംഘപരിവാർ വിരോധം വെറും തട്ടിപ്പാണെന്ന് ഞങ്ങൾ നേരത്തെ മുതൽ പറയന്നത് അക്ഷരം പ്രതി ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |