തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റുകളെന്നാരോപിച്ച് അറസ്റ്റു ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനും താഹ ഫസലിനും എതിരായ യു.എപി.എ കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. എൻ.ഐ.എ കേസേറ്റെടുത്ത് ഒന്നര മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിക്ക് വീണ്ടുവിചാരമുണ്ടായത്. എൻ.ഐ.എ സ്വമേധയാ കേസ് ഏറ്റെടുത്തതിന് ന്യായീകരണമില്ലെന്നും അന്വേഷണം കേരള പൊലീസിനെ തിരിച്ചേൽപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കത്തയച്ചതെന്ന് ഇന്നലെ നിയമസഭയിലെ നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയവേ മുഖ്യമന്ത്രി വ്യക്തമാക്കി. എൻ.ഐ.എ ഏറ്റെടുക്കാൻ മാത്രം ഗൗരവം കേസിനില്ലെന്നും കത്തിലുണ്ട്. പ്രതിപക്ഷവാദം കേട്ടശേഷം നിയമവിദഗ്‌ദ്ധരുമായും ആലോചിച്ച ശേഷമാണ് കേന്ദ്രത്തിന് കത്തയച്ചതെന്നാണ് സൂചന.
നവംബർ ഒന്നിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത കേസ് ഡിസംബർ 18നാണ് എൻ.ഐ.എ ഏറ്റെടുത്തത്. ഇവർ മാവോയിസ്റ്റുകളാണെന്ന ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി. അലനും താഹയും സി.പി.എം പ്രവർത്തകരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എൻ.ഐ.എ ഏറ്റെടുത്ത കേസ് തിരിച്ചുവിളിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ഡോ. എം.കെ. മുനീർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കേസ് തിരിച്ചുവിളിക്കാനാവില്ലെന്നും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുന്നിൽ കത്തുമായി താൻ പോകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷായുടെ കാല് പിടിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാൽ ഗവർണറുടെ കാല് പിടിക്കുന്നതിലും ഭേദമല്ലേ ഈ കേസിൽ അമിത്ഷായുടെ കാല് പിടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് മറുപടി പറഞ്ഞില്ലെങ്കിലും ഇന്നലെ നാടകീയമായി കത്തയച്ച കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തുകയായിരുന്നു.
യു.എ.പി.എ കരിനിയമമാണെന്ന നിലപാടുള്ള സി.പി.എമ്മിനെ വിദ്യാർത്ഥികളുടെ അറസ്റ്റ് രാഷ്ട്രീയപ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. അണികൾക്കിടയിൽ നിരാശയും ആശയക്കുഴപ്പവും സൃഷ്ടിച്ച സംഭവത്തിൽ മുഖ്യമന്ത്രി നിലപാടിലുറച്ച് നിന്നതോടെ സി.പി.എം ജില്ലാ നേതൃത്വവും സമ്മർദ്ദത്തിലായി. ആദ്യം അലനെയും താഹയെയും തള്ളാതിരുന്ന ജില്ലാ നേതൃത്വം പിന്നീട് ഇരുവരെയും കൈവിട്ടു.
പക്ഷേ കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥത മുറുകി. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വൈകാരിക പ്രതികരണവും പ്രാദേശികസമ്മർദ്ദവും ശക്തമായപ്പോൾ എൻ.ഐ.എ കേസേറ്റെടുത്തതിനെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും വിദ്യാർത്ഥികളെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ കത്തിലുള്ളത്
'കേരള പൊലീസ് കാര്യക്ഷമമായും തൃപ്‌തികരമായും അന്വേഷിച്ചുവരുന്ന കേസാണ് എൻ.ഐ.എ സ്വമേധയാ ഏറ്റെടുത്തത്. എൻ.ഐ.എ ആക്ടിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾക്കും കോടതിവിധികൾക്കും നിരക്കാത്ത നടപടിയാണിത്. കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് വേണം പൊലീസ് അന്വേഷിക്കുന്ന കേസുകൾ എൻ.ഐ.എ ഏറ്റെടുക്കേണ്ടതെന്ന് കോടതി വിധിന്യായങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ മാത്രം ഗൗരവമുള്ളതല്ല എന്നാണ് കാണുന്നത്. കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കേണ്ടതാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വസ്‌തുതകൾ കണക്കിലെടുത്ത് കേസ് സംസ്ഥാന പൊലീസിനെ തിരിച്ചേല്പിക്കാൻ എൻ.ഐ.എക്ക് നിർദ്ദേശം നൽകണം".
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |