തൃശൂർ: കൊറോണ രോഗബാധ മൂലം തൃശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. വിദ്യാർത്ഥിനിയുടെ അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ആശുപത്രി വിടാൻ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴയിലാണ് ഇത് സംബന്ധിച്ചുള്ള പരിശോധന നടന്നത്. അതേസമയം, കൊറോണ ബാധ സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബീപീഷ്, പ്രദോഷ് എന്നിവരാണ് തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടത്.
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് നിരവധി രാജ്യങ്ങളിലേക്ക് പടരുന്ന കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തൃശൂരിളാണ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിക്കാണ് വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പിൾ പരിശോധനയിലാണ് വിദ്യാർത്ഥിനിക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തുന്നത്. തുടക്കത്തിൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുള്ള വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കേന്ദ്രസർക്കാരാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിയെ കൂടാതെ, കാസർകോട്ടും ആലപ്പുഴയിലും ഉള്ള രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |