കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് വിഹരിക്കുന്ന കൊള്ളയടി സംഘങ്ങൾക്ക് മൂക്കുകയറിടാൻ മഫ്ത്തിയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്.) 'സർപ്രൈസ് ട്രെയിൻ എസ്‌കോർട്ടു'കൾ പരിശോധന ആരംഭിച്ചു. മൂന്നുദിവസങ്ങളിലായി 25 ട്രെയിനുകളിൽ പരിശോധന നടത്തി. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. റെയിൽവേയുടെ വീഴ്ചയാണ് ട്രെയിനുകളിൽ കൊള്ളയടി വ്യാപകമാകുന്നതിന്റെ കാരണമെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്. സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും ഏതു നിമിഷവും പരിശോധനയ്ക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥരെത്തും. വിവിധ റെയിൽവേ ഡിവിഷനുകളുടെ കീഴിൽ എസ്.ഐ, അല്ലെങ്കിൽ എ.എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. പ്രതിദിന പരിശോധനകൾക്ക് പുറമേയാണിത്.
മോഷണ പരമ്പര
അടുത്തിടെ രണ്ട് വലിയ മോഷണങ്ങളാണ് ട്രെയിനിൽ നടന്നത്. ഇതേ തുടർന്നാണ് പരിശോധന. രണ്ട് ട്രെയിനുകളിലായി യാത്രക്കാരെ കൊള്ളയടിച്ച് കവർന്നത് 14 ലക്ഷം രൂപയുടെ സ്വർണ്ണവും വജ്രാഭരണവുമാണ്. ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ് പ്രസിൽ നടന്ന മോഷണത്തിൽ ചെന്നൈ സ്വദേശി പൊന്നുമാരന്റെ 10 ലക്ഷം രൂപയുടെ ആഭരണവും മലബാർ എക്സ് പ്രസിൽ കാഞ്ഞങ്ങാട് സ്വദേശി അനിരുദ്ധിന്റെ 4 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മൂന്നാം തീയതി അമൃത എക്സ് പ്രസിൽ നിന്നും 6 പവൻ സ്വർണവും, 40,000 രൂപയും കൊള്ളയടിച്ചു. ഇതേ ദിവസം കോട്ടയത്ത് ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ് പ്രസിൽ നിന്നും 50,000 രൂപയുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. ജനുവരി നാലിന് ശബരി എക്സ് പ്രസിൽ നടന്ന മോഷണത്തിൽ 80,000 ത്തോളം രൂപ അപഹരിക്കപ്പെട്ടു. ഇനിയുമുണ്ട് ചെറിയ മോഷണങ്ങൾ വേറെയും. പല കേസുകളിലും അന്വേഷണം പാതി വഴിയിലാണ്.
തസ്കര മാഫിയ സജീവം
പഴ്സ് മുതൽ മൊബൈൽ ഫോൺ വരെ തട്ടിപ്പറിക്കുന്ന വൻ തസ്കര സംഘങ്ങൾ ട്രെയിനുകളിൽ സജീവമാണ്. ട്രെയിനുകളിൽ കണ്ണൊന്നു തെറ്റിയാൽ എന്തും കളവു പോവുമെന്ന സ്ഥിതിയാണ്. പലപ്പോഴും യാത്രക്കാർ തന്നെയാണ് കള്ളന്മാരെ പിടികൂടുക. പല മോഷണങ്ങളിലും പരാതി നൽകിയാലും മതിയായ അന്വേഷണം നടക്കാറില്ലെന്നാണ് ആക്ഷേപം.
''
കവർച്ച പതിവായതോടെയാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ, കുറച്ച് ട്രെയിനുകളിൽ പരിശോധന നടത്തി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകളിൽ അന്വേഷണം നടത്തും..
ടി.എസ്. ഗോപകുമാർ,
അസിസ്റ്റന്റ് കമ്മിഷണർ, ആർ.പി.എഫ്, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |