കിഫ്ബിയിൽ നിന്ന് സർക്കാർ പണം അനുവദിച്ചത് 2017ൽ
തിരുവനന്തപുരം: രണ്ടരക്കൊല്ലം മുമ്പ് പുതിയ 900 ബസുകൾ വാങ്ങുന്നതിന് സർക്കാർ കിഫ്ബിയിൽ നിന്ന് 300 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിരുന്നു. പക്ഷേ ബസ് വാങ്ങൽ പരണത്തുവച്ച മാനേജ്മെന്റ് ഇപ്പോൾ ആവശ്യത്തിന് ബസില്ലാതെ വലയുന്നു.
അന്ന് ബസ് വാങ്ങുന്നതിന് പകരം ദീർഘദൂര സർവീസിന് ഏതാനും വാടക ബസുകളേർപ്പെടുത്തി. അത് നഷ്ടത്തിൽ കലാശിച്ചു. ഇപ്പോൾ ബസിന്റെ കുറവു മൂലം ഷെഡ്യൂളുകളിൽ നാലിലൊന്ന് റദ്ദാക്കേണ്ട അവസ്ഥയാണ്. പുതിയ ബസ് വാങ്ങുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ് കോർപ്പറേഷനിലെ ചില ഉന്നതർ മാനേജ്മെന്റിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവർ ഇപ്പോഴും ഉന്നത സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്.
2016-17 ബഡ്‌ജറ്റ്
കെ.എസ്.ആർ.ടി.സിക്ക് ആയിരം സി.എൻ.ജി ബസുകൾ വാങ്ങുന്നതിന് 300 കോടി രൂപ പ്രഖ്യാപിച്ച് ഭരണാനുമതിയും നൽകി.
2017 ഫെബ്രുവരി 20
സി.എൻ.ജി ലഭ്യമല്ലാത്തതിനാൽ പകരം 900 ഡീസൽ ബസ് വാങ്ങാൻ 300 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
2017 ആഗസ്റ്റ് 25
ബസ് വാങ്ങുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കെ.എസ്.ആർ.ടി.സിയെ ചുമതലപ്പെടുത്തി. പക്ഷേ, മാനേജ്മെന്റ് അനങ്ങിയില്ല.
യാത്രക്കാർ വലയുന്നു
900 ബസ് വാങ്ങാൻ അനുവാദം നൽകിയപ്പോൾ നിരത്തിലുണ്ടായിരുന്നത് 5000 ബസുകൾ. ഇപ്പോൾ സർവീസ് നടത്തുന്നത് 4000 ബസുകളും. ഷെഡ്യൂളുകളിൽ നാലിലൊന്ന് വെട്ടിക്കുറച്ചതോടെ യാത്രാക്ളേശം അതിരൂക്ഷം. ഇപ്പോഴും കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി പണം ഉപയോഗിച്ച് ബസുകൾ വാങ്ങാം. അപ്പോഴും എം.ഡിക്ക് കിട്ടിയ 'വിദഗ്ദ്ധ' ഉപദേശം ബസ് വാങ്ങേണ്ട എന്നാണ്.
സത്യവും മിഥ്യയും
കിഫ്ബിയിൽ നിന്ന് പണം വാങ്ങിയാൽ തിരിച്ചടവിനായി 7 ഡിപ്പോകൾ പണയം വയ്ക്കുകയും അതിന്റെ വരുമാനം നൽകുകയും വേണമെന്ന വ്യവസ്ഥയുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ വാങ്ങുന്ന പണത്തിന് ഗാരന്റി നിൽക്കുന്നത് സർക്കാരാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വായ്പ 50 വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയെന്നും.
''ഇപ്പോൾ പോസിറ്റീവായ വളർച്ചയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നത്. കളക്ഷനും മെച്ചപ്പെട്ടിട്ടുണ്ട്''- എം.പി. ദിനേശ്
എം.ഡി, കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |