ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസമായി പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സമരമിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇവരുമായി ചർച്ച നടത്തുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അത് നടന്നിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സമരക്കാർ ഇപ്പോൾ അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്തുകയാണ്. പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഈ നീക്കം. മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സമരക്കാർ ഇന്നലെ പൊലീസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ പൊലീസ് ഇത് നിരാകരിക്കുകയായിരുന്നു.
മന്ത്രിയുടെ വസതിയിൽ നിന്ന് 500 മീറ്റർ അകലെ പൊലീസ് ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. അമിത് ഷായുടെ വസതിയും പ്രദേശത്തുമായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവരുടെ മാർച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 5000 പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
ഈ നിയമവുമായി ബന്ധപ്പെട്ട ആർക്കെങ്കിലും ആശങ്കകളുണ്ടെങ്കിൽ തന്നെ വന്ന് കാണാൻ കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞിരുന്നെന്ന് സമരക്കാരിൽ ഒരാൾ പറഞ്ഞിരുന്നു. എന്നാൽ അമിത്ഷായെ കാണാൻ പ്രത്യേക പ്രതിനിധി സംഘത്തെ തങ്ങൾ അയക്കുന്നില്ലെന്ന് സമരക്കാർ അറിയിച്ചിരുന്നു. 'അമിത് ഷാ മറുപടി നൽകേണ്ടത് പ്രതിനിധികൾക്കല്ല മറിച്ച് എല്ലാവർക്കുമാണ്. പ്രതിനിധി സംഘത്തിൽ ഞങ്ങൾ എല്ലാവരും അംഗങ്ങളാണ്.' അവർ പറയുന്നു.സി.എ.എയ്ക്കെതിരെപ്രതിഷേധിച്ച നടന്ന ജാമിയെ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗിൽ സമരം ആരംഭിച്ചത്. സി.എ.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ മുൻനിരയിലുള്ളത് സ്ത്രീകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |