നോർവിച്ച് സിറ്റിയെ 1-0 ത്തിന് കീഴടക്കി പ്രിമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം ഇക്കുറി മറ്റാരും സ്വപ്നം കാണേണ്ടെന്ന് വ്യക്തമാക്കി ലിവർപൂൾ കുതിപ്പ് തുടരുന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് നോർവിച്ച് സിറ്റിയെ കീഴടക്കി. 78-ാം മിനിട്ടിൽ സാഡിയോ മാനേയാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്. പ്രിമിയർ ലീഗിൽ മാനേയുടെ 100-ാമത് ഗോളായിരുന്നു നോർവിച്ച് സിറ്റിക്കെതിരെ നേടിയത്.
ഈ വിജയത്തോടെ ലിവർപൂളിന് 26 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 25 മത്സരങ്ങളിൽ നിന്ന് 51 പോയിന്റേ നേടാനായിട്ടുള്ളൂ.
ലീഗിൽ ലിവർപൂളിന്റെ 17-ാമത്തെ തുടർ വിജയമാണിത്. ഈ സീസണിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് ലിവറിന്റെ കുതിപ്പ്. ഒരു കളിയിൽ മാത്രമാണ് സമനിലയിൽ പിരിയേണ്ടി വന്നത്.
ഗോളില്ലാതെ മെസി, ബാഴ്സയ്ക്ക് ജയം
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബാഴ്സലോണ 2-1 ന് ഗെറ്റാഫെയെ കീഴടക്കി. 33-ാന മിനിട്ടി അന്റോയിൽ ഗ്രീസ്‌മാനും 39-ാം മിനിട്ടിൽ സെർജി റോബർട്ടോയുമാണ് ബാഴ്സയ്ക്കുവേണ്ടി സ്കോർ ചെയ്തത്. 66-ാം മിനിട്ടിൽ ഏയ്ഞ്ചൽ ഗെറ്റാഫെയുടെ ആശ്വാസ ഗോൾ നേടി.
തുടർച്ചയായ നാലാം മത്സരത്തിലാണ് ബാഴ്സയുടെ സൂപ്പർ താരം മെസി ഗോളടിക്കാതെയിരിക്കുന്നത്. 2014 ന് ശേഷം ആദ്യമാണ് മെസിക്ക് സ്കോറിംഗിന് ഇത്ര വലിയ ഇടവേള വരുന്നത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം സഹതാരങ്ങൾക്ക് അവസരമൊരുക്കിയത് മെസിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |