കണ്ണൂർ: ജീവനക്കാരുടെ സമരത്തെച്ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മേയർ ഉൾപ്പെടെ അഞ്ച് കൗൺസിലർമാർക്ക് പരിക്കേറ്റു. മേയർ സുമാ ബാലകൃഷ്ണൻ, കൗൺസിലർമാരായ റോജ, വിനീത, കമലാക്ഷി, പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. മേയറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കോർപറേഷൻ പരിധിയിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു.
ദിവസങ്ങൾ നീണ്ട ജീവനക്കാരുടെ സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ മേയറുടെ ചേംബറിൽ കൗൺസിൽ യോഗത്തിനു തൊട്ടുമുമ്പ് പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓഫീസ് കോമ്പൗണ്ടിൽ സംഘടനാപ്രവർത്തനം നിഷേധിക്കുന്നതിലും ഡെപ്യൂട്ടി മേയർ ചട്ടവിരുദ്ധമായ കാര്യങ്ങൾക്കായി നിർബന്ധിക്കുന്നതിലും പ്രതിഷേധിച്ച് ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്നായിരുന്നു ആവശ്യം.
യോഗത്തിനുശേഷം വിഷയം ചർച്ചചെയ്യാമെന്ന് അറിയിച്ചെങ്കിലും കൗൺസിൽ ഹാളിലേക്ക് പോകാൻ അനുവദിക്കാതെ മേയറെ തടയുകയായിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ഭരണപക്ഷത്തെ ടി.ഒ. മോഹനൻ, സി. സമീർ, സി. സീനത്ത് തുടങ്ങിയവർ ചേംബറിലെത്തി പ്രതിപക്ഷ നടപടി ചോദ്യം ചെയ്തു. കൗൺസിൽ യോഗം തുടങ്ങാനായി ബെൽ മുഴങ്ങിയിട്ടും മേയറെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ഇതോടെ മേയറെ കൗൺസിൽ ഹാളിലെത്തിക്കാൻ യു.ഡി.എഫ് കൗൺസിലർമാരും ഇറങ്ങി. ഇതിനിടെ കസേരയിൽ നിന്ന് എഴുന്നേറ്റ മേയറെ എൽ.ഡി.എഫ് കൗൺസിലർമാരിൽ ചിലർ പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി മേയറും മറ്റു കൗൺസിലർമാരും ചേർന്നു മേയറെ ഓഫീസിന്റെ മറ്റൊരു വാതിലിലൂടെ കൗൺസിൽ ഹാളിൽ എത്തിച്ചെങ്കിലും അവിടെയും പ്രതിഷേധം തുടർന്നു. ഭരണപക്ഷത്തെ കോൺഗ്രസ്, ലീഗ് അംഗങ്ങൾ പ്രതിരോധിക്കാൻ ഇറങ്ങിയതോടെ പ്രശ്നം കൈയാങ്കളിയിലെത്തി. പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും സ്ഥിതി നിയന്ത്രിക്കാനായില്ല.
എൽ.ഡി.എഫ് കൗൺസിലർ കെ. പ്രമോദ് മേയറെ കൈയേറ്റം ചെയ്‌തെന്ന് കാട്ടി മേയർ സുമാ ബാലകൃഷ്ണൻ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി മേയറടക്കം യു.ഡി.എഫ് കൗൺസിലർമാർ തങ്ങളുടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തതായി എൽ.ഡി.എഫ് കൗൺസിലർമാരും പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |