മുംബയ്: രാമക്ഷേത്രത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് അയോദ്ധ്യയിൽ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് നിർമ്മിക്കുന്നതിന് സമാനമായ രീതിയിലായിരിക്കണം സ്മാരകം പണിയേണ്ടതെന്ന് ശിവസേന സാമ്‌നയിലൂടെ പറയുന്നു. രാമക്ഷേത്രത്തിനായി അനേകം പേർ ജീവൻ ബലിയർപ്പിച്ചു. ഇവരുടെ പേരുകൾ ആലേഖനം ചെയ്ത് 'അമർ ജവാൻ ജ്യോതി'ക്ക് സമാനമായി സരയൂ നദിയുടെ തീരത്ത് സ്മാരകം നിർമ്മിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.
രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ശിവസേന പ്രവർത്തകർക്കും മറ്റ് ഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകർക്കും ആദരവും ബഹുമാനവും നൽകണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു. രാമക്ഷേത്രത്തിനായി നിരവധി പേരാണ് സരയൂ നദീതീരത്ത് ജീവൻ ബലിയർപ്പിച്ചത്. ശിവസേനയുടെ സൈനികർ ബാബറി മസ്ജിദ് ആക്രമിച്ചത് എങ്ങനെയാണെന്ന് അന്നത്തെ ലൈവ് ടെലകാസ്റ്റിൽകണ്ടാൽ മനസിലാവും. ബാബറി മസ്ജിദിന്റെ ശവകുടീരത്തിൽ ശിവസേനയുടെ സൈനികൾ എത്തിച്ചേർന്നെങ്കിലും ഞങ്ങൾ അതിനെ ഒരിക്കലും രാഷ്ട്രീയമായി മുതലെടുത്തിരുന്നില്ല- സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.
രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യത്തിന് സുപ്രീം കോടതി വിധി ആക്കം കൂട്ടിയെന്നും ക്ഷേത്രത്തിനായി രൂപീകരിച്ച ട്രസ്റ്റ് 2024ൽ പണി പൂർത്തിയാക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു. ഈ തീരുമാനം ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്ന് പറഞ്ഞ മുഖപ്രസംഗം ബി.ജെ.പി കണക്കിന് പരിഹസിക്കുകയും ചെയ്തു. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണം ബി.ജെ.പിക്ക് മുഖ്യ ചർച്ചാ വിഷയമാക്കാൻ സാധിക്കില്ല, അതുകൊണ്ട് രാമേക്ഷേത്രമായിരിക്കും അന്ന് തിളങ്ങി നിൽകക്കുകയെന്ന് ശിവസേന പരിഹസിച്ചു. ക്ഷേത്രനിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിൽ ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് മിക്ക അംഗങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രസ്റ്റിന്റെ ഉപദേശകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |